ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പരാജയപ്പെട്ടതോടെ രാജ്യം തോറ്റെന്ന് രീതിയിലുള്ള പ്രചാരണം തികച്ചും ജനാധിപത്യവിരുധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാജ്യസഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗത്തിനായുളള നന്ദിപ്രമേയചര്‍ച്ചയ്ക്കിടെ പ്രതിപക്ഷനേതാക്കളുടെ പരാമര്‍ശത്തിന് മറുപടി പറയുകയായിരുന്നു മോഡി.
തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റതോടെ രാജ്യം പരാജയപ്പെട്ടതായും ജനാധിപത്യം തകര്‍ന്നതായുമാണ് പ്രതിപക്ഷ നേതാക്കള്‍ പ്രചരിപ്പിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിച്ച് വിജയിച്ച വയനാട്ടില്‍ രാജ്യം പരാജയപ്പെട്ടോ ?, സോണിയ ഗാന്ധി മത്സരിച്ച് വിജയിച്ച റായ്ബറേലിയില്‍ ഇന്ത്യ പരാജയപ്പെട്ടോ?, തിരുവനന്തപുരത്തും അമേഠിയിലും എന്തായിരുന്നു സ്ഥിതി. ഏതുതരത്തിലുളള വാദങ്ങളാണ് ഇതെന്നും പ്രതിപക്ഷ പരാമര്‍ശങ്ങള്‍ക്ക് മറുപടിയെന്നോണം മോഡി ചോദിച്ചു.
തെരഞ്ഞെടുപ്പില്‍ 17 സംസ്ഥാനങ്ങളില്‍ ഒരു സീറ്റില്‍ പോലും കോണ്‍ഗ്രസ് വിജയിച്ചില്ല. സുസ്ഥിരത ആഗ്രഹിക്കുന്ന ജനങ്ങളുടെ പ്രതിഫലനമാണ് തെരഞ്ഞെടുപ്പില്‍ കണ്ടത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ വിജയത്തിനെതിരായി മോശമായ പരാമര്‍ശങ്ങളാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുമുണ്ടാവുന്നത്. കോണ്‍ഗ്രസ് തോറ്റാല്‍ ഇന്ത്യ പരാജയപ്പെട്ടു എന്നല്ല അര്‍ത്ഥം. ധാര്‍ഷ്ട്യത്തിന് ഒരു പരിധിയുണ്ടെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നേരെ മോഡി വാക്കുകള്‍ കടുപ്പിച്ചു.
Discussion about this post