ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോഡി. തബ്രിസിന്റെ കൊലപാതകത്തിന് രാജ്യത്തെ മുഴുവന്‍ പ്രതിക്കൂട്ടത്തില്‍ നിര്‍ത്തുന്നത് ശരിയല്ലെന്നാണ് മോഡി പറഞ്ഞത്. രാജ്യസഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിന് മറുപടിയായുള്ള നന്ദി പ്രമേയത്തിനിടെയാണ് മോഡി ഇക്കാര്യം പരാമര്‍ശിച്ചത്.
ആള്‍ക്കൂട്ട ആക്രമണത്തിന് ഇരയായ വ്യക്തിയുടെ മരണത്തില്‍ ഞങ്ങള്‍ക്കെല്ലാം ദു:ഖമുണ്ടെന്നും എന്നാല്‍ അതിന് ജാര്‍ഖണ്ഡിലെ എല്ലാവരും ഉത്തരവാദിയാണെന്ന് പറയുന്നത് ശരിയല്ലെന്നും മോഡി പറഞ്ഞു. കൂടാതെ യഥാര്‍ത്ഥ ക്രിമിനലുകള്‍ ശിക്ഷിക്കപ്പെടണമെന്നും മോഡി കൂട്ടിച്ചേര്‍ത്തു.
അതേസമയം, ബീഹാറിലെ ശിശുമരണവുമായി ബന്ധപ്പെട്ടും മോഡി ആദ്യമായി പ്രതികരിച്ചു. മസ്തിഷ്‌ക ജ്വരം കാരണം ബീഹാറിലുണ്ടായ മരണങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. നമ്മളെ സംബന്ധിച്ച് ഇത് നാണക്കേടാണ്. നമ്മളിത് ഗൗരവമായെടുക്കണം. സംസ്ഥാന സര്‍ക്കാറുമായി ഞാന്‍ സ്ഥിരമായി ബന്ധപ്പെടുന്നുണ്ട്. നമുക്ക് ഒരുമിച്ച് നിന്ന് ഈ പ്രതിസന്ധിയെ ഉടന്‍ നേരിടാം.’ എന്നാണ് മോഡി പറഞ്ഞത്.