ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് രാഹുല്‍ ഗാന്ധി തന്നെ തുടരണമെന്ന് കോണ്‍ഗ്രസ് എംപിമാര്‍. ഇന്ന് ചേര്‍ന്ന പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തിലാണ് എംപിമാര്‍ നേരിട്ട് രാഹുലിനോട് ഈ ആവശ്യം ഉന്നയിച്ചത്. നേതൃസ്ഥാനത്ത് രാഹുലിനു പകരം മറ്റൊരാളെ കണ്ടെത്താനാവുന്നില്ലെന്നും അവര്‍ വ്യക്തമാക്കി. അതെസമയം അധ്യക്ഷ സ്ഥാനത്തേക്ക് ഇല്ലെന്ന നിലപാട് രാഹുല്‍ ഗാന്ധി യോഗത്തില്‍ ആവര്‍ത്തിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
സോണിയാ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള എംപിമാര്‍ ഏകകണ്ഠമായാണ്, രാഹുല്‍ അധ്യക്ഷ സ്ഥാനത്തു തുടരണമെന്ന് അഭ്യര്‍ഥിച്ചത്. എന്നാല്‍ പാര്‍ട്ടി നേതൃത്വത്തില്‍ സജീവമായി ഉണ്ടാവുമെന്നും എന്നാല്‍ അധ്യക്ഷപദത്തിലേക്ക് ഇല്ലെന്നുമുള്ള നിലപാടാണ് രാഹുല്‍ സ്വീകരിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിട്ടതിന് പിന്നാലെ അധ്യക്ഷപദം ഒഴിയുന്നതായി രാഹുല്‍ പ്രഖ്യാപിച്ചിരുന്നു. ഒരു മാസത്തിനകം പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കാനും രാഹുല്‍ നിര്‍ദേശിച്ചിരുന്നു. രാഹുല്‍ നിര്‍ദേശിച്ച ഒരു മാസത്തെ സമയ പരിധി ഇന്നലെ അവസാനിച്ചിരുന്നു.
നേതാക്കള്‍ ഏകകണ്ഠമായി ആവശ്യപ്പെടുമ്പോള്‍ രാഹുല്‍ അധ്യക്ഷ പദത്തില്‍ തുടരുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും കോണ്‍ഗ്രസ് നേതാക്കള്‍. അതെസമയം രാഹുല്‍ ഗാന്ധി തന്നെ അധ്യക്ഷ സ്ഥാനത്ത് തുടരണമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെയും ആവശ്യം. രാഹുല്‍ ഗാന്ധി തന്നെ അധ്യക്ഷനായി തുടരണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് രാഹുലിന്റെ വസതിക്ക് മുന്നില്‍ സിന്ദാബാദ് വിളികളുമായി ഒത്തുകൂടി.
Discussion about this post