ന്യൂഡല്‍ഹി: ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ഇനി കടുത്ത പിഴ. പുതിയ മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രി സഭാ അംഗീകാരം നല്‍കി. ഉടന്‍ തന്നെ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും. കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്ത് ലോക്‌സഭയില്‍ പാസായ ബില്ല് രാജ്യസഭയില്‍ പാസാകാത്തതിനാലാണ് വീണ്ടും അവതരിപ്പിക്കുന്നത്.
പുതിയ നിയമം നിലവില്‍ വരുന്നതോടെ ഹെല്‍മറ്റ് ഇല്ലാതെ വണ്ടിയോടിച്ചാല്‍ വന്‍ പിഴ ഈടാക്കും. 1000 രൂപയാണ് പിഴ. ഒപ്പം 3 മാസത്തേക്ക് ലൈസന്‍സും റദ്ദാക്കും. വാഹനം ഒടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ പിഴ 5000 രൂപയാണ് നിലവില്‍ ഇത് 1000 രൂപയാണ്. മദ്യപിച്ച് വാഹനം ഓടിച്ചാല്‍ പിഴ 10000 രൂപയാണ്.
സീറ്റ് ബെല്‍റ്റ് ഇട്ടില്ലെങ്കില്‍ നിലവിലെ പിഴ 100 രൂപ ആണെങ്കില്‍ നിയമം വരുന്നതോടെ അത് 1000മാകും. അമിത വേഗത്തിന്റെ പിഴ 1000-2000 നിരക്കിലായിരിക്കും. നിലവില്‍ ഇത് 400 രൂപയാണ്. അപകടപരമായ ഡ്രൈവിംഗിന് പിഴ പുതിയ നിയമത്തില്‍ 5000 രൂപയായിരിക്കും. ട്രാഫിക്ക് നിയമലംഘനത്തിന് പിഴ 500 രൂപയായിരിക്കും.
അതേസമയം, പോലീസ് ഉദ്യോഗസ്ഥരാണ് ഇത്തരം പിഴവുകള്‍ വരുത്തുന്നതെങ്കില്‍ ഈ പിഴകളുടെ ഇരട്ടി നല്‍കണം എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഒപ്പം പ്രായപൂര്‍ത്തിയാകാത്തവര്‍ വണ്ടി ഓടിച്ചാല്‍ രക്ഷകര്‍ത്താവിനോ, വാഹനത്തിന്റെ ഉടമയ്‌ക്കോ 25,000 രൂപ പിഴ ലഭിക്കാം. ഒപ്പം 3 വര്‍ഷം തടവ്, വാഹന റജിസ്‌ട്രേഷന്‍ റദ്ദാക്കല്‍ എന്നീ ശിക്ഷകളും ലഭിക്കാം. വാഹന റജിസ്‌ട്രേഷനും, ലൈസന്‍സ് എടുക്കാനും ആധാര്‍ നിര്‍ബന്ധമാക്കുമെന്നും പുതിയ നിയമം പറയുന്നുണ്ട്.
Discussion about this post