ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ ബില്ലുള്‍പ്പെടെ എംപി എന്‍കെ പ്രേമചന്ദ്രന് അവതരിപ്പിച്ച നാല് ബില്ലുകളും ലോക്സഭയില്‍ നറുക്കെടുപ്പിലൂടെ തള്ളി. ഇതോടെ ബില്‍ ഇത്തവണ ചര്‍ച്ചക്കെടുക്കാനുള്ള സാധ്യത ഇല്ലാതായി.
ഒമ്പത് ബില്ലുകളാണ് ആദ്യ ദിനം അവതരിപ്പിച്ചത്. ഇതില്‍ പ്രേമചന്ദ്രന് അവതരിപ്പിച്ച നാല് ബില്ലുകളും തള്ളി. ബാക്കി അഞ്ച് ബില്ലുകള്‍ ചര്‍ച്ചക്ക് എടുക്കാന്‍ നറുക്കെടുപ്പിലൂടെ തീരുമാനിക്കുകയായിരുന്നു. 12ന് ചേരുന്ന പാര്‍ലമെന്റ് സമ്മേളനത്തിലാണ് തിരഞ്ഞെടുത്ത ബില്ലുകള്‍ ചര്‍ച്ച ചെയ്യുക.
ഏതൊക്കെ ബില്ല് സഭയില്‍ അവതരിപ്പിക്കണം എന്ന് നറുക്കെടുപ്പിലൂടെയാണ് തീരുമാനിക്കുക. ‘ശബരിമല ശ്രീധര്‍മശാസ്ത ക്ഷേത്ര ബില്‍’ എന്ന പേരിലാണ് എന്‍കെ പ്രേമചന്ദ്രന് സ്വകാര്യ ബില്‍ അവതരിപ്പിച്ചത്. 17-ാമത് ലോക്സഭയിലെ ആദ്യത്തെ സ്വകാര്യ ബില്ലായിരുന്നു ഇത്.
ശബരിമല വിഷയത്തിനു പുറമെ, സര്‍ഫാസി നിയമഭേദഗതി ബില്‍, ഇഎസ്ഐ നിയമഭേദഗതി ബില്‍, ദേശീയ തൊഴിലുറപ്പ് നിയമഭേദഗതി ബില്‍ എന്നിവയായിരുന്നു പ്രേമചന്ദ്രന് അവതരിപ്പിച്ച നാല് സ്വകാര്യ ബില്ലുകള്‍.
പ്രേമചന്ദ്രന്റെ ബില്‍ ആദ്യഘട്ടത്തില്‍ ചര്‍ച്ചക്ക് എടുത്തിട്ടില്ലെങ്കിലും ഇത് പൂര്‍ണമായും തള്ളപ്പെടില്ല. എപ്പോഴെങ്കിലും വേണമെങ്കില്‍ പാര്‍ലിമെന്റിന് ഇത് ചര്‍ച്ചക്ക് എടുക്കാന്‍ കഴിയും. എന്നാല്‍ നിലവില്‍ നറുക്കെടുപ്പിലൂടെ ഇത് തള്ളപ്പെട്ടതിനാല്‍ ഇപ്പോഴത്തെ പാര്‍ലിമെന്റ് സമ്മേളനത്തില്‍ ഇത് ചര്‍ച്ച ചെയ്യില്ല.
Discussion about this post