ന്യൂഡല്‍ഹി: രണ്ട് ബലാത്സംഗ കേസുകളിലും കൊലപാതക കേസിലുമായി തടവ് ശിക്ഷ അനുഭവിക്കുന്ന ആള് ദൈവം ഗുര്‍മീത് റാം റഹീമിന്റെ പരോള്‍ അപേക്ഷയില്‍ അനുകൂല നിലപാട് എടുത്ത് ഹരിയാന മന്ത്രി. ശിക്ഷ അനുഭവിക്കുന്ന ഏതൊരു കുറ്റവാളികള്‍ക്കും അവകാശങ്ങളുണ്ടെന്നാണ് മന്ത്രി കെഎല്‍ പന്‍വാറിന്റെ വാദം. അപേക്ഷ സിര്‍സ ജില്ലാ അഡ്മിനിസ്ട്രേറ്റര്‍ക്ക് കൈമാറിയതായും മന്ത്രി അറിയിച്ചു.
”നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണ്. അയാള്‍ക്ക് പരോളിന് അപേക്ഷിക്കാനുള്ള അവകാശമുണ്ട്. അയാള്‍ അപേക്ഷ സമര്‍പ്പിച്ചു. ഞങ്ങള്‍ അത് പോലീസ് കമ്മീഷണറര്‍ക്കും എസ്പി ക്കും കൈമാറി. മറ്റ് കാര്യങ്ങള്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കും” മന്ത്രി പറയുന്നു. അതേസമയം പരോളില്‍ രാഷ്ട്രീയമില്ലെന്നും അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ തെരഞ്ഞെടുപ്പിന് മുമ്പ് പരോള്‍ നല്‍കുമായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കൃഷി നോക്കി നടത്തുവാന്‍ വേണ്ടിയാണ് ഗുര്‍മീത് പരോള്‍ ആവശ്യപ്പെട്ടത്. 42 ദിവസത്തേയ്ക്കാണ് പരോള്‍ ആവശ്യപ്പെട്ടത്. രണ്ട് ബലാത്സംഗ കേസുകളിലും മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലും ഗുര്‍മീതിന് ജീവപര്യന്തമാണ് ശിക്ഷിച്ചത്. ഇപ്പോള്‍ റോത്തക്കിലെ ജയിലിലാണ് ഗുര്‍മീത്. ജയിലില്‍ എല്ലാ നിയമങ്ങളും പാലിക്കുന്ന തടവ് പുള്ളിയാണ് ഗുര്‍മീത് എന്നാണ് സിര്‍സയിലെ ജയില്‍ സുപ്രണ്ട് പ്രതികരിച്ചത്.
Discussion about this post