ന്യൂഡല്‍ഹി: ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് ഇനി കടുത്ത പിഴ. കേന്ദ്ര സര്‍ക്കാര്‍ പുതിയ മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്‍ കൊണ്ടു വരുന്നു. ഇനി മുതല്‍ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള അടിയന്തിര സര്‍വ്വീസുകളുടെ വഴി തടസപ്പെടുത്തിയാല്‍ 10000 രൂപ പിഴ ഉള്‍പ്പെടെയുള്ള ഭേദഗതികളുമായാണ് കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നത്.
ലൈസന്‍സില്ലാതെ വാഹനം ഓടിച്ചാലും ആംബുലന്‍സുകളുടെ വഴി തടസപ്പെടുത്തിയാലും മദ്യപിച്ച് വാഹനം ഓടിച്ചാലും 10000 രൂപ വീതം പിഴ ഈടാക്കാനാണ് നിര്‍ദേശം. 18 സംസ്ഥാനങ്ങളിലെ ഗതാഗതമന്ത്രിമാരുടേതാണ് ഈ ഭേദഗതി നിര്‍ദേശങ്ങള്‍.
പുതുക്കിയ ഈ ബില്ലിന് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ലോക്സഭ പാസാക്കിയ ബില്‍ രാജ്യസഭയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയായിരുന്നു.
ട്രാഫിക് കുറ്റകൃത്യങ്ങള്‍ക്ക് ഉയര്‍ന്ന പിഴ ഈടാക്കാനും പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഉണ്ടാക്കുന്ന വാഹനാപകടങ്ങള്‍ക്ക് രക്ഷകര്‍ത്താക്കളെ മൂന്നു വര്‍ഷം ജയിലില്‍ അടയ്ക്കാനും പുതിയ ബില്ലില്‍ നിര്‍ദേശമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തിനിരയായവരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം പത്തിരട്ടിയായി വര്‍ധിപ്പിക്കാനും വ്യവസ്ഥയുണ്ട്.
Discussion about this post