ന്യൂഡല്‍ഹി: കാറില്‍ യാത്രക്കാര്‍ മറന്നുവച്ച ലക്ഷങ്ങള്‍ വിലമതിക്കുന്ന സാധനങ്ങള്‍ അടങ്ങിയ ബാഗ് ടാക്‌സി ഡ്രൈവര്‍ തിരിച്ചു നല്‍കി മാതൃകയായി. ജമ്മു കാശ്മീരിലെ ഷോപിയാന്‍ ജില്ലയിലാണ് വിനോദസഞ്ചാരികളായെത്തിയ കുടുംബത്തിന് നഷ്ടപ്പെട്ട ബാഗ് തിരികെ ലഭിച്ചത്. ബാഗിനുള്ളില്‍ പത്ത് ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന സാധനങ്ങള്‍ ഉണ്ടായിരുന്നു.
ഷോപിയാന്‍ ജില്ലയിലെ അഹര്‍ബന്‍ വെള്ളച്ചാട്ടം കാണാനെത്തിയ ഭോപ്പാലില്‍ നിന്നുള്ള കുടുംബത്തിന്റെ ബാഗാണ് കാറില്‍ മറന്നുവെച്ചത്. ഷോപിയാന്‍ ജില്ലക്കാരനായ താരീഖ് അന്‍വറെന്ന ടാക്‌സി ഡ്രൈവറുടെ കാറിലാണ് ഇവര്‍ ബാഗ് മറന്നുവച്ചത്.
ബാഗിനകത്ത് സ്മാര്‍ട്ട്ഫോണുകളും സ്വര്‍ണ്ണാഭരണങ്ങളും ഉണ്ടായിരുന്നു. പത്ത് ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന സാധനങ്ങളാണ് ബാഗിനകത്ത് ഉണ്ടായിരുന്നതെന്നാണ് ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഇന്ത്യ ടുഡെയോട് വ്യക്തമാക്കിയിരിക്കുന്നത്. താരീഖ് ഈ ബാഗ് സുരക്ഷിതമായി ഉടമകള്‍ക്ക് കൈമാറുകയായിരുന്നു.