പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ വീണ്ടും ആക്രമണം; പെണ്‍കുട്ടിയെ കുത്തി പരിക്കേല്‍പ്പിച്ച് യുവാവ്

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയെ ആള്‍ക്കൂട്ടത്തില്‍ വെച്ചാണ് യുവാവ് കുത്തി പരിക്കേല്‍പ്പിച്ചത്

കോയമ്പത്തൂര്‍: പ്രണയം നിരസിച്ചതിന്റെ പേരില്‍ പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ അനുദിനം വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം തന്നെ നിരവധി പെണ്‍കുട്ടികളാണ് പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ടത്. ഇപ്പോഴിതാ അതുപോലെയുള്ള ഒരു സംഭവം വീണ്ടും ആവര്‍ത്തിച്ചിരിക്കുകയാണ്.

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയെ ആള്‍ക്കൂട്ടത്തില്‍ വെച്ചാണ് യുവാവ് കുത്തി പരിക്കേല്‍പ്പിച്ചത്. കോയമ്പത്തൂരാണ് സംഭവം നടന്നത്. പാലക്കാട് സ്വദേശിനിക്കാണ് സംഭവത്തില്‍ പരിക്കേറ്റത്.
പെണ്‍കുട്ടി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കുത്തേറ്റ പെണ്‍കുട്ടിയുടെ നില ഗുരുതരമല്ലെന്നാണ് ആശുപത്രിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. പെണ്‍കുട്ടിയെ കുത്തി പരിക്കേല്‍പ്പിച്ച പാലക്കാട് സ്വദേശി സുരേഷിനെ നാട്ടുകാര്‍ സംഭവം നടന്നയുടന്‍ പോലീസില്‍ ഏല്‍പ്പിച്ചിരുന്നു.

കോയമ്പത്തൂരിലെ ആര്‍എസ് പുരം എന്ന സ്ഥലത്തു വെച്ച് ഇന്നലെ വൈകീട്ടാണ് സംഭവം നടന്നത്. ഇരുവരും പഠനക്കാലത്ത് പ്രണയത്തില്‍ ആയിരുന്നുവെന്നും എന്നാല്‍ പിന്നീട് ജോലിക്കായി കോയമ്പത്തൂരിലേക്ക് പോയ പെണ്‍കുട്ടി പ്രണയത്തില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചു. ഇതേ തുടര്‍ന്ന് കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുമായി സംസാരിക്കാന്‍ വേണ്ടിയാണ് പ്രതിയായ സുരേഷ് കോയമ്പത്തൂരില്‍ എത്തിയത്. എന്നാല്‍ തനിക്ക് സംസാരിക്കാന്‍ താല്‍പര്യമില്ലെന്ന് പെണ്‍കുട്ടി ഇയാളോട് പറഞ്ഞു. ഇതേ തുടര്‍ന്ന് പ്രകോപിതനായ പ്രതി കൈയ്യിലിരുന്ന കത്തി ഉപയോഗിച്ച് പെണ്‍കുട്ടിയെ കുത്തുകയായിരുന്നു.

Exit mobile version