അമരാവതി: ലക്ഷക്കണക്കിന് അഭ്യസ്തവിദ്യരായ യുവാക്കള്‍ക്ക് തൊഴിലവസരം സൃഷ്ടിച്ച് ജഗന് മോഹന്‍ റെഡ്ഡി സര്‍ക്കാര്‍. സംസ്ഥാനമൊട്ടാകെ ഗ്രാമ വൊളന്റിയര്‍മാരെ നിയമിക്കാനുള്ള വിജ്ഞാപനമാണ് ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്.
50 വീടുകള്‍ക്ക് ഒരു വൊളന്റിയര്‍ എന്ന കണക്കിലായിരിക്കും നിയമനം. ഇവര്‍ക്ക് 5000 രൂപ പ്രതിമാസവേതനം നല്‍കും. പ്രായപരിധി 18 മുതല്‍ 35 വയസ്സുവരെയാണ്. നിയമനത്തിനുള്ള കുറഞ്ഞ വിദ്യാഭ്യാസയോഗ്യത പ്ലസ് ടു അഥവാ ഇന്റര്‍മീഡിയറ്റ് ആണ്. ഗോത്രപ്രദേശങ്ങളില്‍ പത്താംതരം മതി. കൂടുതല്‍ യോഗ്യത ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഗ്രാമ വൊളന്റിയര്‍മാരുടെ ജോലി വളരെ സുഗമവും സുതാര്യവുമായിരിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമപദ്ധതികള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് എത്തുന്നതായി ഓരോ വീട്ടിലും പോയി ഉറപ്പുവരുത്തുക, എന്തെങ്കിലും അഴിമതി കണ്ടാല്‍ ഉടനെ മേലധികാരികളെ അറിയിക്കുക തുടങ്ങിയവയാണ് ജോലികള്‍. നിയമനത്തിനുള്ള അപേക്ഷകള്‍ തിങ്കളാഴ്ച സ്വീകരിച്ചുതുടങ്ങി.
Discussion about this post