ന്യൂഡല്‍ഹി; വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയശങ്കര്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി വര്‍ക്കിംഗ് പ്രസിഡന്റ് ജെപി നദ്ദയുടെ സാന്നിധ്യത്തില്‍ പാര്‍ലമെന്റ് ഹൗസില്‍ വച്ചാണ് എസ് ജയശങ്കര്‍ ഔദ്യോഗികമായി ബിജെപി അംഗത്വം സ്വീകരിച്ചത്.
മുന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അനാരോഗ്യം മൂലം വീണ്ടും മന്ത്രിസഭയിലേക്കില്ലെന്ന് അറിയിച്ച സാഹചര്യത്തില്‍ രണ്ടാം മോഡി മന്ത്രിസഭയിലേക്ക് അപ്രതീക്ഷിതമായി എത്തിയ ആളാണ് ജയശങ്കര്‍.
1997 ബാച്ച് ഐഎഫ്എസ് ഓഫീസറായിരുന്നു എസ് ജയശങ്കര്‍. 2015 മുതല്‍ 2018 വരെ ഫോറിന്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം വിദേശകാര്യ സെക്രട്ടറി പദവി വഹിച്ച ഉദ്യോഗസ്ഥനാണ് എസ് ജയശങ്കര്‍.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിദേശകാര്യ നയങ്ങള്‍ക്കും അമേരിക്കയുമായുള്ള സഹകരണത്തിനും നിര്‍ണായക പങ്ക് വഹിച്ചിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ പദ്മശ്രീ പുരസ്‌കാരത്തിന് ജയശങ്കര്‍ അര്‍ഹനായിരുന്നു.
മുന്‍ ചൈനീസ് അംബാസിഡറായിരുന്ന ജയശങ്കര്‍ ഡോക്‌ലാമില്‍ ഇന്ത്യ – ചൈന സംഘര്‍ഷാവസ്ഥ നിലനിന്ന സമയത്ത് പ്രശ്‌നപരിഹാരത്തിന് നിര്‍ണായകമായ ഇടപെടല്‍ നടത്തിയിരുന്നു. പിന്നീട് അമേരിക്കന്‍ അംബാസിഡറായി എത്തിയ ജയശങ്കര്‍, ഇന്ത്യ – യുഎസ് ബന്ധത്തിന്റെ നിര്‍ണായക കണ്ണിയായി.
Discussion about this post