പട്‌ന: ദാരിദ്ര്യവും പോഷകാഹാരക്കുറവുമാണ് ബീഹാറിലെ കുട്ടികളില്‍ മസ്തിഷ്‌കജ്വരം പടര്‍ന്നു പിടിക്കാന്‍ കാരണമെന്ന് മുസാഫര്‍പുരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് സുനില്‍ ഷാഹി പറഞ്ഞു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിലെ കുട്ടികളാണ് മരിച്ചവരില്‍ കൂടുതലും. അറിവില്ലായ്മയും ദാരിദ്ര്യവുമാണ് പകര്‍ച്ചവ്യാധി പോലെ പടര്‍ന്നുപിടിക്കാന്‍ കാരണമെന്നും സുനില്‍ ഷാഹി ചൂണ്ടിക്കാട്ടി.
സൂപ്രണ്ടിന്റെ പ്രതികരണത്തെ തുടര്‍ന്ന് നിരവധി ചോദ്യങ്ങളും ഉയര്‍ന്നു. മസ്തിഷ്‌കജ്വരം ബാധിച്ച് കുട്ടികള്‍ മരിക്കാന്‍ യഥാര്‍ത്ഥ കാരണം ദാരിദ്ര്യം മാത്രമാണോ എന്ന ചോദ്യത്തിന് അക്കാര്യം പറയേണ്ടത് താനല്ലെന്നായിരുന്നു സൂപ്രണ്ടിന്റെ മറുപടി. നാടിനെ നടുക്കിയ ദുരന്തത്തിന് പിന്നില്‍ ലിച്ചി പഴമാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജിലെ ശിശുരോഗവിദഗ്ധന്‍ ഡോ. അരുണ്‍ ഷാ പറഞ്ഞു. രോഗബാധയെക്കുറിച്ച് വിശദമായ പഠനം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മസ്തിഷ്‌കജ്വരം ബാധിച്ച് ശനിയാഴ്ചവരെ 156 കുട്ടികളാണ് മരിച്ചത്. ഇവരിലേറെയും ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജിലും കുട്ടികള്‍ കെജരിവാള്‍ ആശുപത്രിയിലുമാണ് മരിച്ചത്. ചികിത്സയിലായിരുന്ന 429 കുട്ടികളില്‍ 188 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
Discussion about this post