മുസാഫര്‍പൂര്‍; കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്ധന് എതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മുസാഫര്‍പൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി. മസ്തിഷ്കജ്വരം പടര്‍ന്നുപിടിക്കുന്നതിനെ പ്രതിരോധിക്കാന്‍ ആവശ്യമായ ബോധവത്കരണം നടത്തിയില്ല എന്ന കേസിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. മുസാഫര്‍പൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സൂര്യകാന്ത് തിവാരിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സാമൂഹ്യ പ്രവര്‍ത്തകനായ തമന്ന ഹഷ്മിയുടെ പരാതിയിലാണ് കേസ്.
കേന്ദ്രമന്ത്രിയെ കൂടാതെ ബിഹാര്‍ ആരോഗ്യമന്ത്രി മംഗള്‍ പാണ്ടേയ്ക്ക് എതിരെയും അന്വേഷണത്തിന് ഉത്തരവിട്ടു. രോഗം നിയന്ത്രിക്കുന്നതിന് ആവശ്യമായ ഡ്യൂട്ടി ചെയ്യുന്നതില്‍ മന്ത്രിമാര്‍ വീഴ്ചവരുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.
വര്‍ഷങ്ങളായി കുട്ടികളുടെ മരണത്തിന് ഇടയാക്കുന്ന മസ്തിഷ്കജ്വരം പടര്‍ന്നുപിടിക്കുന്ന മേഖലകളില്‍ ബോധവത്കരണം നടത്താനായി മന്ത്രിമാര്‍ ഒരുനടപടിയും സ്വീകരിച്ചില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമം 328,308,504 വകുപ്പുകള്‍ക്ക് കീഴിലാണ് കേസ് നല്‍കിയിരിക്കുന്നത്.
മുസാഫര്‍പൂരില്‍ മസ്തിഷ്കജ്വരം ബാധിച്ച് 156 കുട്ടികളാണ് ഇതുവരെ മരണപ്പെട്ടത്. നിരവധി കുട്ടികള്‍ ചികിത്സയിലാണ്. അതിനിടെ രോഗ കാരണം ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല എന്നത് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.
Discussion about this post