ക്ഷേത്രത്തില്‍ കുടുങ്ങിയ മുതലയെ ആരാധിച്ച് നാട്ടുകാര്‍; ഒടുവില്‍ സാഹസപ്പെട്ട് മുതലയെ രക്ഷിച്ച് വനംവകുപ്പ്

ഗുജറാത്തിലെ മഹിസാഗര്‍ ജില്ലയിലെ ഖോദിയാര്‍ മാതാ ക്ഷേത്രത്തിലാണ് ഈ സംഭവം നടന്നത്

അഹമ്മദാബാദ്: ക്ഷേത്രത്തില്‍ കുടുങ്ങിപ്പോയ മുതലയെ ദൈവത്തിന്റെ സാന്നിധ്യമാണെന്ന് പറഞ്ഞ് ആരാധിച്ച് നാട്ടുകാര്‍. ഇതോടെ വെട്ടിലായത് വനംവകുപ്പാണ്. ഗുജറാത്തിലെ മഹിസാഗര്‍ ജില്ലയിലെ ഖോദിയാര്‍ മാതാ ക്ഷേത്രത്തിലാണ് ഈ സംഭവം നടന്നത്. പട്ടേല്‍ സമുദായത്തിന്റെ പ്രധാനപ്പെട്ട ക്ഷേത്രം കൂടിയാണിത്.

എന്നാല്‍ ക്ഷേത്രത്തില്‍ മുതല കുടുങ്ങിയ വിവരം അറിഞ്ഞ് അതിന്റെ രക്ഷിക്കാന്‍ എത്തിയ വനംവകുപ്പ് അധികൃതരെ നാട്ടുകാര്‍ തടയുകയാണ് ചെയ്തത്. ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ വാഹനം മുതലയാണെന്നാണ് ഐതിഹ്യം. ഈ കാരണത്തിലാണ് ഇവര്‍ മുതലയെ ആരാധിച്ച് തുടങ്ങിയത്. മുതലയുണ്ടെന്ന വാര്‍ത്ത അറിഞ്ഞ് പൂജയും ആരാധനയുമായി അന്യനാട്ടില്‍നിന്ന് പോലും ഭക്തര്‍ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തിയിരുന്നു.

അതേസമയം ഭക്ഷണം തേടി കരയില്‍ എത്തിയ മുതല ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയുടെ അടുത്തായി കുടുങ്ങി കിടക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് മഹിസാഗര്‍ വനുവകുപ്പിലെ ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ആര്‍എം പാര്‍മറിന്റെ നേതൃത്വത്തിലുള്ള സംഘം മുതലയെ രക്ഷപ്പെടുത്താന്‍ വേണ്ടി എത്തിയത്. എന്നാല്‍ മുതലയെ മാറ്റാന്‍ സമ്മതിക്കില്ല എന്ന നിലപാടിലായിരുന്നു ഭക്തര്‍.

ഇതേതുടര്‍ന്ന് ഇവര്‍ രണ്ട് മണിക്കൂറിലധികം വനംവകുപ്പ് അധികൃതരെ തടഞ്ഞ് വയ്ക്കുകയും ചെയ്തു. തുടര്‍ന്ന് അധികൃതരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് മുതലയെ രക്ഷപ്പെടുത്താന്‍ സാധിച്ചത്. നാലു വയസുള്ള മുതലയ്ക്ക് ആറടി നീളമുണ്ടായിരുന്നുവെന്നും ഇത്തരത്തില്‍ പ്രതിവര്‍ഷം 30-35 മുതലകളെ രക്ഷപ്പെടുത്താറുണ്ടെന്നും വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

Exit mobile version