ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ രാജിവെച്ചു. കാലാവധി തികയാന്‍ ആറു മാസം മാത്രം ബാക്കി നില്‍ക്കെയാണ് അദ്ദേഹം രാജി സമര്‍പ്പിച്ചത്. ആര്‍ബിഐയുടെ ധനനയ രൂപീകരണത്തിന്റെ ചുമതലയായിരുന്നു അദ്ദേഹം വഹിച്ചിരുന്നത്. രാജിയിലേക്ക് നയിച്ച കാരണങ്ങളെന്തെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഇത് സംബന്ധിച്ച ചോദ്യങ്ങളോട് വിരാല്‍ ആചാര്യ പ്രതികരിച്ചിട്ടില്ല.
റിസര്‍വ് ബാങ്ക് ഒരു സ്വതന്ത്യ സ്ഥാപനമായി നില്‍ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കഴിഞ്ഞ വര്‍ഷം വിരാല്‍ പരസ്യമായി തന്നെ പ്രതികിരിച്ചിരുന്നു. സര്‍ക്കാരിന്റെ ഇടപെടല്‍ റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. തുടര്‍ന്നുള്ള അഭിപ്രായ ഭിന്നതയാകാം രാജിക്ക് കാരണമെന്ന അഭ്യൂഹങ്ങളും ഉണ്ട്. 2017-ലാണ് റിസര്‍വ് ബാങ്കിന്റെ നാല് ഡെപ്യൂട്ടി ഗവര്‍ണര്‍മാരിലൊരാളായി വിരാല്‍ ആചാര്യയെ നിയമിച്ചത്.
ഉദാരവല്‍ക്കരണ നയം നടപ്പിലാക്കിയതിന് ശേഷം റിസര്‍വ് ബാങ്കില്‍ നിയമിതനായ ഏറ്റവും പ്രായം കുറഞ്ഞ ഡെപ്യൂട്ടി ഗവര്‍ണറായിരുന്നു വിരാല്‍ ആചാര്യ. ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റി ബിസിനസ് സ്‌കൂളില്‍ പ്രൊഫസറായിരുന്ന അദ്ദേഹം അവിടേക്ക് തന്നെ മടങ്ങുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്‍ഡിഎ സര്‍ക്കാരുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് മുന്‍ ഗവര്‍ണര്‍ ഊര്‍ജിത് പേട്ടല്‍ രാജിവെച്ചിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് ഊര്‍ജിത് പട്ടേല്‍ രാജിവെച്ചത്.