ഹൈദരാബാദ്: രാജ്യത്ത് കുട്ടികള്‍ക്ക് നേരെ വര്‍ധിച്ചു വരുന്ന ബലാത്സംഗ കേസുകള്‍ തടയാന്‍ പശുക്കളെ ആരാധിച്ച് പൂജാരിമാര്‍. ഹൈദരാബാദിലെ ബാലാജി ക്ഷേത്രത്തിലാണ് പരിക്രമ എന്ന പേരില്‍ മൂന്ന് പശുക്കളെ വെച്ച് ആരാധിക്കുന്ന പ്രാര്‍ത്ഥനാ ചടങ്ങ് നടന്നത്. പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്യാന്‍ പശുക്കളെ ആരാധിക്കുന്നത് പഴയ രീതിയാണ്. അതുകൊണ്ടാണ് കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ വീണ്ടും പശുക്കളെ ആരാധിക്കാന്‍ തീരുമാനിച്ചതെന്ന് പൂജാരി രംഗ രാജന്‍ പ്രതികരിച്ചു.
നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തെയും ഇവര്‍ വിമര്‍ശിക്കുന്നുണ്ട്. പാശ്ചാത്യ വിദ്യാഭ്യാസ രീതികള്‍ അവലംബിച്ചു തുടങ്ങിയതിന് ശേഷമാണ് കുട്ടികള്‍ക്ക് നേരെയുളള പീഡനക്കേസുകള്‍ വര്‍ധിച്ചതെന്നാണ് ഇവരുടെ പക്ഷം. ടിവിയിലും സോഷ്യല്‍മീഡിയയിലും ഇതുസംബന്ധിച്ചുള്ള വാര്‍ത്തകളാണെന്നും പൂജാരിമാര്‍ അഭിപ്രായപ്പെട്ടു.
കുട്ടികള്‍ രാജ്യത്ത് ഒട്ടും സുരക്ഷിതരല്ലെന്നും പഴയ സാഹിത്യകൃതികളില്‍ എവിടെയും കുട്ടികള്‍ക്ക് നേരെയുളള അതിക്രമങ്ങളെ കുറിച്ച് രേഖപ്പെടുത്തിയിട്ടില്ലെന്നും ഇവര്‍ പറയുന്നു. ഇന്ന് സ്ത്രീകള്‍ക്ക് നേരെയുളള അതിക്രമങ്ങളെ സംബന്ധിച്ച വാര്‍ത്തകളാണ് എല്ലായ്‌പ്പോഴും കേള്‍ക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമൊപ്പം ജീവിക്കാന്‍ കഴിയാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്. അതുകൊണ്ട് ഇത് തടയേണ്ടത് സമൂഹനന്മയ്ക്ക് ആവശ്യമാണ്. അതിനാലാണ് ഈ ചടങ്ങ് സംഘടിപ്പിച്ചതെന്ന് പൂജാരിമാര്‍ കൂട്ടിച്ചേര്‍ത്തു.