ചെന്നൈ: തമിഴ്‌നാട് കൊടും വരള്‍ച്ചയിലേക്ക് എത്തി നില്‍ക്കെ വരള്‍ച്ച നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടന്ന് ആരോപിച്ച് പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി ഡിഎംകെ. സ്റ്റാലിന്റെ നേതൃത്വത്തില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ ഇന്ന് സംസ്ഥാനവ്യാപകമായി പ്രതിഷേധിക്കും. തമിഴ്‌നാട്ടിലെ വിവിധ ഇടങ്ങളില്‍ നിന്ന് ചെന്നൈയിലേക്ക് വെള്ളം എത്തിക്കാനുള്ള നീക്കം തടയുമെന്നും പാര്‍ട്ടി വ്യക്തമാക്കി.
കുടിവെള്ള ക്ഷാമം രൂക്ഷമായ തമിഴ്‌നാട്ടില്‍ വെള്ളത്തിനായുള്ള ജനങ്ങളുടെ നെട്ടോട്ടം തുടരുകയാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചെന്നൈയില്‍ കനത്ത മഴയ്ക്ക് കാരണമാകുമെന്ന കാലാവസ്ഥാ പ്രവചനവും ഫലിച്ചില്ല. ചാറ്റല്‍മഴ കാരണം താപനില കുറഞ്ഞത് മാത്രമാണ് തമിഴ്‌നാട്ടില്‍ ആകെയുണ്ടായ ആശ്വാസം. ഇതിനിടെ, സര്‍ക്കാരിനെതിരെ ജനരോഷം ആളികത്തിക്കുകയാണ് ഡിഎംകെ.
പ്രതിദിനം പത്ത് ലക്ഷം ലിറ്റര്‍ വെള്ളം, ചെന്നൈയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള ജോലാര്‍പേട്ടില്‍ നിന്ന് എത്തിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയിട്ടുണ്ട്. ഇത് അനുവദിക്കില്ലെന്നാണ് ഡിഎംകെ നിലപാട്. ചെന്നൈയിലേക്ക് വെള്ളം എത്തിക്കാന്‍ മറ്റൊരു പ്രദേശത്തെ ദുരിതത്തിലാക്കുന്നുവെന്ന് പാര്‍ട്ടി ചൂണ്ടികാട്ടുന്നു. തമിഴ്‌നാടിന് അകത്ത് നിന്നല്ല സംസ്ഥാനത്തിന് പുറത്ത് നിന്ന് പരിഹാരം ഉണ്ടാകണമെന്നാണ് ഡിഎംകെയുടെ വാദം. ചെന്നൈയില്‍ ദിനംപ്രതി 920 എംഎല്‍ഡി വെള്ളത്തിലധികം വേണം. 500 എംഎല്‍ഡിയില്‍ താഴെമാത്രമാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്.