ലഖ്നൗ: പാര്‍ട്ടിയില്‍ നിര്‍ണായക മാറ്റങ്ങളുമായി ബിഎസ്പി അധ്യക്ഷ മായാവതി. പ്രധാന സ്ഥാനങ്ങളില്‍ സഹോദരനെയും അനന്തരവനെയും നിയമിച്ചു. സഹോദരനായ ആനന്ദ് കുമാറിനെ പാര്‍ട്ടി ഉപാധ്യക്ഷനായും അനന്തരവന്‍ ആകാശ് ആനന്ദിനെ ദേശീയ കോര്‍ഡിനേറ്ററുമായാണ് നിയമിച്ചത്. ലഖ്നൗവിലെ ബിഎസ്പി ആസ്ഥാനത്ത് ചേര്‍ന്ന ദേശീയ യോഗത്തിലാണ് തീരുമാനം.
മുന്‍ ഉപാധ്യക്ഷനായിരുന്ന രാംജി ഗൗതത്തെ ആനന്ദ് കുമാറിനൊപ്പം ദേശീയ കോര്‍ഡിനേറ്ററായി നിയമിച്ചു. മുന്‍ ജെഡിഎസ് നേതാവും അംറോഹ എംപിയുമായ ഡാനിഷ് അലിയാണ് ബിഎസ്പിയുടെ ലോക്സഭാ കക്ഷിനേതാവ്. രാജ്യസഭാംഗമായ സതീഷ്ചന്ദ്ര രാജ്യസഭയിലെ കക്ഷിനേതാവുമാകും. നാഗിനയിലെ എംപി ഗിരീഷ് ചന്ദ്രയാണ് ബിഎസ്പിയുടെ പുതിയ ചീഫ് വിപ്പ്.
ആനന്ദിന്റെ നിയമനം പാര്‍ട്ടിയില്‍ അദ്ദേഹം സ്വാധീനം ഉറപ്പിക്കുന്നതിന്റെ സൂചനയാണ്. 2017-ലാണ് ആനന്ദിനെ മായാവതി പാര്‍ട്ടി വേദിയില്‍ അവതരിപ്പിക്കുന്നത്. ഇതിനുശേഷം തെരഞ്ഞെടുപ്പ് റാലികളില്‍ മായാവതിക്കൊപ്പം സ്ഥിര സാന്നിധ്യമായിരുന്നു ഇരുപത്തിനാലുകാരനായ ആനന്ദ്. ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ മായാവതിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തിയപ്പോള്‍ പകരക്കാരനായായതും ആനന്ദായിരുന്നു.
ഉത്തര്‍പ്രദേശില്‍ 11 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് ബിഎസ്പിയുടെ തീരുമാനം. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എസ്പി സഖ്യം കാര്യമായ പ്രയോജനം ചെയ്തില്ല.