റാഞ്ചി: ജാര്‍ഖണ്ഡില്‍ മോഷണക്കുറ്റം ആരോപിച്ച് പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച യുവാവ് മരണപ്പെട്ടു. ചികിത്സയിലിരിക്കെയാണ് 24 വയസുള്ള തബ്‌രീസ് അന്‍സാരി മരണപ്പെട്ടത്. ഒരു കൂട്ടം ആളുകള്‍ ചേര്‍ന്നാണ് കഴിഞ്ഞ ജൂണ്‍ 18 ന് ക്രൂരമായി മര്‍ദ്ദിച്ചത്. തുടര്‍ന്ന് നാട്ടുകാര്‍ അദ്ദേഹത്തെ പോലീസില്‍ പിടിച്ച് ഏല്‍പ്പിക്കുകയായിരുന്നു.
ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്ന തബ്രീസിന്റെ ആരോഗ്യനില ജൂണ്‍ 22ന് രാവിലെ മോശമായതിന് പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. തബ്രീസിനെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അക്രമികള്‍ മൊബൈലില്‍ പകര്‍ത്തുകയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ആദ്യം എത്തിയത് അരമിനിറ്റുള്ള വീഡിയോ ആണ്. അതില്‍ തബ്രീസ് നിലത്ത് പുല്ലില്‍ കിടക്കുന്നതും ചുറ്റുമുള്ളവര്‍ ആക്രോശിക്കുമ്പോള്‍ ഒരാള്‍ മരക്കഷ്ണം ഉപയോഗിച്ച് അദ്ദേഹത്തെ അടിക്കുന്നതുമാണ്.
എന്നാല്‍ രണ്ടാമത്തെ വീഡിയോയുടെ ദൈര്‍ഘ്യം പത്ത് മിനുട്ടാണ്. ഈ ദൃശ്യങ്ങളില്‍ പോസ്റ്റില്‍ കെട്ടിയിട്ട് തബ്രീസിനെ ആളുകള്‍ അടിയ്ക്കുന്നതാണ്. മോഷ്ടിക്കാന്‍ വീട്ടില്‍ കയറിയതിനെ കുറിച്ച് ഒരാള്‍ ചോദിക്കുന്നതും താനല്ല മറ്റു രണ്ടു പേരാണ് മോഷ്ടിക്കാന്‍ വന്നതെന്നും തബ്രീസ് പറയുന്നുണ്ട്. വീഡിയോയുടെ അവസാന ഭാഗത്തേക്ക് ജയ് ശ്രീറാം എന്ന് വിളിയ്ക്കുന്നതും തബ്രീസിനെ കൊണ്ട് വിളിപ്പിക്കുന്നതും കാണാം. പൂനെയില്‍ വെല്‍ഡറായി ജോലി ചെയ്തിരുന്ന തബ്രീസ് വിവാഹം കഴിക്കാനും കൂടിയാണ് നാട്ടിലെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് പപ്പു മണ്ഡല്‍ എന്നയാളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.