ചെന്നൈ: അതിരൂക്ഷമായ വരള്‍ച്ചയില്‍ വലഞ്ഞ് തമിഴ്‌നാട്. ജലക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് ജയലളിത കൊണ്ടുവന്ന സംസ്ഥാനത്തെ ജനപ്രിയ പദ്ധതികളായ അമ്മ ഉണവകവും അമ്മ കുടിനീരും പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. തമിഴ് ജനതയ്ക്ക് സൗജന്യമായി കുടിവെള്ളം നല്‍കിയിരുന്ന അമ്മ കുടിനീര്‍ പ്ലാന്റുകള്‍ ഭൂരിഭാഗവും തല്‍ക്കാലത്തേക്ക് അടച്ചുപൂട്ടിയിരിക്കുകയാണ്. ജലക്ഷാമത്തെ തുടര്‍ന്ന് അമ്മ ക്യാന്റീന്റെ
പ്രവര്‍ത്തന സമയവും വെട്ടിച്ചുരുക്കിയിരിക്കുകയാണ്.
തുച്ഛമായ വിലയ്ക്ക് മൂന്ന് നേരവും ഭക്ഷണം നല്‍കിയിരുന്ന അമ്മ ഉണവകം ഇപ്പോള്‍ തുറക്കുന്നത് ഉച്ചയ്ക്ക് ശേഷം മാത്രമാണ്. കാരണം ഇവിടെ പാചകത്തിനും പാത്രം കഴുകുന്നതിനും പോലും വെള്ളമില്ലാത്ത സ്ഥിതിയാണ്. കരാര്‍ അടിസ്ഥാനത്തില്‍ സ്ത്രീകളുടെ കൂട്ടായ്മയാണ് ഭൂരിഭാഗം ഉണവകവും നടത്തിയിരുന്നത്.
ചെന്നൈ നഗരത്തില്‍ കുടിവെള്ളം എത്തിച്ച് നല്‍കിയിരുന്ന അമ്മ കുടിനീര്‍ പദ്ധതിയും വരള്‍ച്ചയെ തുടര്‍ന്ന് പ്രതിസന്ധിയിലാണ്. അമ്മ കുടിനീര്‍ പ്ലാന്റുകള്‍ നഗരത്തില്‍ പലയിടങ്ങളിലും ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്. ഒരു കുടുംബത്തിന് ഇരുപത് ലിറ്റര്‍ വരെ വെള്ളം നല്‍കിയിരുന്ന പ്ലാന്റുകളാണ് ഇപ്പോള്‍ പൂട്ടിയിരിക്കുന്നത്.