മുംബൈ: കുടുംബത്തിന്റെ സുരക്ഷ, താങ്ങ് എന്ന് പറയുന്നത് ഗൃഹനാഥനാണ്. ആ നാഥന് എന്തെങ്കിലും സംഭവിച്ചാല്‍ ഒരു പക്ഷേ കരകയറാന്‍ ചിലപ്പോള്‍ പാട് പെടാം. മക്കളെ വളര്‍ത്താനും കുടുംബം നോക്കാനും മാതാവ് ഇറങ്ങും. പക്ഷേ എല്ലാം നോക്കി നടത്താന്‍ ചിലപ്പോള്‍ ചിലത് കണ്ണടച്ചും മറന്നും കളയേണ്ടതായി വരും. അതില്‍ മറന്ന് കളയുന്ന ഒന്നാണ് ആരോഗ്യം. സ്വന്തം മക്കളെ അച്ഛനില്ലാത്ത കുറവ് ചിന്തിപ്പിക്കാതിരിക്കാനും പഠിപ്പിച്ച് ഒരു നല്ല നിലയില്‍ എത്തിക്കുവാനും കഷ്ടപ്പെടുമ്പോള്‍ നാശമായി പോകുന്നത് സ്വന്തം ആരോഗ്യം തന്നെയായിരിക്കും.
ഇപ്പോള്‍ അത്തരത്തിലൊരു ജീവിതമാണ് ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിലും എത്തിയിരിക്കുന്നത്. ചെറുപ്പത്തില്‍ തന്നെ അച്ഛനെ നഷ്ടപ്പെട്ട് അമ്മ അനുഭവിച്ച കഷ്ടതകളും ദുരിതങ്ങളുമാണ് കുശാല്‍ എന്ന കുട്ടി പങ്കുവെച്ചത്. നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ് കുശാലിന് അച്ഛനെ നഷ്ടമാവുന്നത്. മദ്യമാണ് അച്ഛന്റെ ജീവന് എടുത്തതെന്ന് കുശാല്‍ പറയുന്നുണ്ട്. ശേഷം കുടുംബം പുലര്‍ത്താന്‍ അമ്മ ജോലിക്ക് ഇറങ്ങിയതായും കുശാല്‍ കുറിച്ചു.
തന്നെയും സഹോദരിയെയും നോക്കാന്‍ അമ്മ റെയില്‍വേയിലെ ശുചീകരണ ജോലിയാണ് എടുത്തിരുന്നതെന്ന് ആ മകന് പറയുന്നു. ആ അറപ്പില്‍ നിന്നും മുക്തമാവാന്‍ അമ്മ പതിയെ പുകവലിക്ക് അടിമയായി എന്നും കുശാല്‍ എഴുതി. സ്വന്തം അമ്മയെ ഈ നിലയില്‍ കണ്ടാല്‍ ആര്‍ക്കാണ് ചങ്ക് തകരാതിരിക്കുക..? ആ മകന് ചോദിക്കുന്നുണ്ട്. പതിയെ അമ്മയെ ആ ശീലത്തില്‍ നിന്നും പിന്മാറ്റിയെന്നും ഇപ്പോള്‍ ജീവിതം സന്തോഷ പൂര്‍വ്വം പോകുന്നുണ്ടെന്നും കുശാല്‍ കുറിച്ചു. അമ്മയ്ക്ക് ഇപ്പോള്‍ റെയില്‍വേയില്‍ അറ്റന്‍ഡന്റായി സ്ഥാനക്കയറ്റം ലഭിച്ചതായും കുശാല്‍ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ എനിക്ക് അച്ഛനെ നഷ്്ടമാകുന്ന് അദ്ദേഹം മദ്യത്തിന് അടിമയായതുകൊണ്ടാണ്. അത് എന്റെ ജീവിതത്തെ കീഴ്മേല്‍ മറിച്ചു. ഞാനും അമ്മയും സഹോദരിയും അദ്ദേഹത്തെ ആശ്രയിച്ചായിരുന്നു കഴിഞ്ഞത്. പെട്ടെന്നൊരു ദിവസം ഞങ്ങള്‍ ആരുമില്ലാതെ നിരാശ്രയരായി. ജീവിക്കാന്‍ മറ്റ് വഴി തേടേണ്ടി വന്നു. അന്ന് ഞങ്ങള്‍ എന്തെല്ലാം പോരാട്ടങ്ങള്‍ നേരിടേണ്ടി വന്നുവെന്നത് ഞാന്‍ ഒരിക്കലും മറക്കില്ല. അമ്മ റെയില്‍വേയില്‍ ശുചീകരണ തൊഴിലാളിയായി ജോലി ഏറ്റെടുത്തു. ആ ജോലി എത്രമാത്രം വെറുപ്പുളവാക്കുന്നതാണെന്ന് അമ്മ ദിവസവും പരാതിപ്പെടും. സ്വന്തം അമ്മ മാലിന്യം ശേഖരിക്കുന്ന കാഴ്ച ഒരു മകനും കാണാന്‍ ഇഷ്ടമല്ലായിരിക്കും. എന്നെ അത് വല്ലാതെ വേദനിപ്പിച്ചു. പക്ഷേ ഞങ്ങള്‍ക്ക് വേറെ നിവൃത്തി ഇല്ലായിരുന്നു. ജോലിയില്‍ നിന്ന് ആശ്വാസം കണ്ടെത്താനായി അമ്മ പുകയില ഉപയോഗിച്ചു തുടങ്ങി. അമ്മ എന്താണ് ചെയ്യുന്നതെന്ന് മനസ്സിലാക്കുവാന്‍ എനിക്ക് അന്ന് പക്വത ഉണ്ടായിരുന്നില്ല.
അങ്ങനെയിരിക്കെയാണ് സ്കൂളില്‍ പുകയില ഉപയോഗത്തിന്റെ മോശം വശത്തെക്കുറിച്ച് ഒരു ക്ലാസ് നടന്നത്. ആള്‍ക്കാര്‍ക്ക് ഇത് മൂലം കാന്‍സര്‍ വരുമെന്നും മരിക്കുമെന്നും അന്ന് അവര്‍ പറഞ്ഞു. വൈകുന്നേരം ഞാന്‍ സ്കൂളില്‍ നിന്നും വീട്ടിലേക്ക് പാഞ്ഞു. എനിക്ക് പേടിയായി. അമ്മയോട് എത്രയും വേഗം ഈ ശീലം ഉപേക്ഷിക്കാന്‍ പറഞ്ഞു. എനിക്ക് അച്ഛനെ നഷ്ടമായി, അമ്മയെക്കൂടി നഷ്ടമാകരുത് എന്ന് പറഞ്ഞു. എന്റെ കണ്ണിലെ പേടി കണ്ട് അമ്മ അത് ഉപേക്ഷിക്കാമെന്ന് എനിക്ക് ഉറപ്പ് നല്കി. പക്ഷേ അത് അത്ര എളുപ്പമായിരുന്നില്ല.
അന്ന് നടന്ന ക്ലാസില്‍ തന്നെ അവര്‍ ഇതിന് ഒരു പോംവഴി നിര്‍ദേശിച്ചിരുന്നു. ച്യൂയിങ് ഗം ഇതിന് പകരമായി ഉപയോഗിക്കാമെന്നും അത് വലിയ രീതിയില്‍ ഹാനീകരമല്ലെന്നും. അതിന് ഒരു ദിവസം 60 രൂപയോളം ചിലവ് വരും. ഞാന്‍ ദിവസവും അത്രയും പണം ശേഖരിച്ച് ച്യൂയിങ് ഗം വാങ്ങി അമ്മയ്ക്ക് നല്കി. രണ്ട് മാസത്തിനകം അമ്മ പൂര്‍ണമായും പുകയില ഉപേക്ഷിച്ചു. പൂര്‍ണശ്രദ്ധയും ജോലിയില്‍ നല്കി. അവസാനം റെയില്‍വേയില്‍ അറ്റന്‍ഡന്റായി സ്ഥാനക്കയറ്റം ലഭിച്ചു. അച്ഛന്റെ മരണശേഷം ഞങ്ങള്‍ക്ക് ജീവിതം അത്ര എളുപ്പമായിരുന്നില്ല. ഓരോ വഴിയിലും ഞങ്ങള്‍ക്ക് പോരാടേണ്ടി വന്നു. എനിക്ക് വേണ്ടത് അമ്മയെ വിശ്രമിക്കാന്‍ അനുവദിച്ചുകൊണ്ട് തന്നെ നല്ലൊരു ജീവിതം നയിക്കണമെന്നതാണ്. അമ്മയ്ക്ക് നല്ല സമയം നല്‍കണം തെല്ലുപോലും വിഷമങ്ങളില്ലാതെ ജീവിതം ആസ്വദിക്കാന്‍ അമ്മയ്ക്ക് കഴിയണം.
Discussion about this post