ന്യൂഡല്‍ഹി: ഭീകരര്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നതിനെതിരെ പാകിസ്താന് നടപടിയെടുക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഭീകരര്‍ക്ക് സാമ്പത്തികസഹായം ലഭിക്കുന്നത് തടയാനായി പ്രവര്‍ത്തിക്കുന്ന ആഗോള ഏജന്‍സിയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സ് ( എഫ്എടിഎഫ് ) നിര്‍ദ്ദേശങ്ങള്‍ സമയബന്ധിതമായി സെപ്റ്റംബറിന് മുമ്പ് പൂര്‍ത്തിയാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
കൃത്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടാന്‍ തയ്യാറാകണമെന്ന് എഫ്എടിഎഫ് പാകിസ്താന് അടുത്തിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എഫ്എടിഎഫ് നിര്‍ദേശത്തെ സ്വാഗതം ചെയ്ത ഇന്ത്യ പാകിസ്താന് ശക്തമായതും സുതാര്യവുമായ നടപടി സ്വീകരിക്കണമെന്ന് നിര്‍ദേശിച്ചു. വിദേശകാര്യവക്താവ് രവീഷ് കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്
എഫ്എടിഎഫ് നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കുന്നതില്‍ പാകിസ്താന് പരാജയപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് പാകിസ്താനെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. അതേസമയം, തൃപ്തികരമായ നടപടികള്‍ സ്വീകരിക്കാന്‍ പാകിസ്താന് സെപ്റ്റംബര്‍ വരെ സമയം നീട്ടി നല്‍കിയിരുന്നു. ഒക്ടോബറിന് മുമ്പ് നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ പാകിസ്താനെ കരിമ്പട്ടികയില്‍ പെടുത്തിയേക്കും. അങ്ങനെവന്നാല്‍ ആഗോള സാമ്പത്തിക സഹായം നേടിയെടുക്കാന്‍ പാകിസ്താന് കൂടുതല്‍ ബുദ്ധിമുട്ടേണ്ടിവരും. നിലവില്‍ കടക്കെണിയില്‍ പെട്ട് ഉഴറുന്ന പാകിസ്താന് എഡിബി വായ്പ തേടിയിരുന്നു. കരിമ്പട്ടികയില്‍ പെട്ടാല്‍ ആ വഴിയും അടയും.
Discussion about this post