കേദാര്‍നാഥ്: കേദാര്‍നാഥ് ക്ഷേത്രത്തിന് മുകളിലെ തടാകം ഉറഞ്ഞ് കട്ടിയായി. തടാകം ഉറഞ്ഞ് കട്ടിയായ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വിദഗ്ദ്ധര്‍ പറഞ്ഞു. അടുത്തിടെയാണ് ഈ തടാകം ഉറഞ്ഞ് കട്ടിയായത്.
2013ല്‍ കേദാര്‍നാഥിനെ തകര്‍ത്ത വെള്ളപ്പൊക്കം ഉണ്ടായത് ഉറഞ്ഞ് കട്ടിയായ കോറബറി തടാകം പൊട്ടിയാണ്. ഇതാണ് കൂടുതല്‍ ആശങ്കയ്ക്ക് വകവെച്ചിരിക്കുന്നത്. ഉറഞ്ഞ് കട്ടിയായ പുതിയ തടാകത്തിന്റെ ചിത്രങ്ങള്‍ ഡെറാഡൂണിലെ വാഡിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയന്‍ ജിയോളജിക്ക് അയച്ചിട്ടുണ്ടെന്ന് രുദ്രപ്രയാഗ് ജില്ലാ മജിസ്‌ട്രേറ്റ് മങ്കേഷ് ഘില്‍ദിയാല്‍ പറഞ്ഞു.
അടുത്തയാഴ്ച തടാകം വാദിയയില്‍ നിന്നുള്ള വിദഗ്ദ്ധ സംഘം സന്ദര്‍ശിക്കുമെന്നും മങ്കേഷ് ഘില്‍ദിയാല്‍ പറഞ്ഞു. അതേസമയം തടാകം ഉറഞ്ഞു കട്ടിയായിരിക്കുന്നത് പ്രകൃതിയാല്‍ ഉള്ള പ്രതിഭാസത്തിന്റെ ഭാഗമായിട്ടാണ് എന്നാണ് അവര്‍ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തടാകം ഉറഞ്ഞ് കട്ടിയാകുന്നത് സ്വാഭാവികമാണെന്നാണ് വാദിയ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോ. ഡിപി ദോഭാല്‍ പറയുന്നത്. ‘സുപ്ര ഗ്ലേഷ്യല്‍ ലേക്ക്‌സ്’ എന്നാണ് ഇത്തരം പ്രതിഭാസത്തെ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്ര ഗ്ലേഷ്യല്‍ ലേക്ക്‌സ് രൂപപ്പെടുകയും അതുപോലെ തന്നെ അവ അപ്രത്യക്ഷമാവുകയും ചെയ്യുമെന്നും എല്ലാ സുപ്ര ഗ്ലേഷ്യല്‍ ലേക്കുകളും അപകടകാരികളല്ലെന്നും എന്നാല്‍ ഇവയില്‍ ചിലത് അപകടകാരികളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം തടാകവും സമീപ പ്രദേശവും സന്ദര്‍ശിച്ചുവെന്നും ഗുരുതരമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും സംസ്ഥാന ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ സഞ്ജയ് ഗുഞ്ജിയാല്‍ അറിയിച്ചു.