ബീജിംഗ്: ദിനംപ്രതി ഇന്ത്യയ്ക്കെതിരെയുള്ള പ്രകോപനപരമായ നടപടികളുമായി
ചൈന. ഇന്ത്യക്കരികിലായി സുരക്ഷാഭീഷണിയായി മൂന്നാമത്തെ തുറമുഖം നിര്‍മ്മിക്കാനൊരുങ്ങുകയാണ് ചൈന. മ്യാന്മാര് തീരദേശത്താണ് പുതിയ തുറമുഖം നിര്‍മ്മിക്കുക. മ്യാന്മാറിലെ ക്യോക്പു ടൗണില്‍ ബംഗാള്‍ ഉള്‍ക്കടലിന് സമീപമായാണ് തുറമുഖം നിര്‍മ്മിക്കുക.
പാകിസ്താനിലെ ഗ്വാഡാര്‍ തുറമുഖത്തും ശ്രീലങ്കയിലെ ഹംബന്‍ടോട്ട തുറമുഖത്തും ചൈന പദ്ധതികള്‍ നടപ്പാക്കിക്കഴിഞ്ഞു. 99വര്‍ഷത്തെ കരാറിന്റെ അടിസ്ഥാനത്തിലാണ് പദ്ധതികള്‍ നടപ്പാക്കുക. കൂടാതെ ബംഗ്ലാദേശില്‍ ചിറ്റഗോങില്‍ ചൈന ധനനിക്ഷേപം നടത്തിക്കഴിഞ്ഞു.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സൈനികാധിപത്യം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ചൈന ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം പദ്ധതിയുടെ 70ശതമാനം നിക്ഷേപം ചൈനയും ബാക്കി 30 ശതമാനം മ്യാന്മാറുമായിരിക്കും നടത്തുക.
കരാര്‍ ഒപ്പിട്ടത് വഴി ചൈനയുടെ സ്വപ്ന പദ്ധതിയുടെ സുപ്രധാനമായ ചുവടുവെയ്പ്പാണ് നടന്നിരിക്കുന്നത്. ചൈനയുടെ ബെല്‍ട്ട് റോഡ് ഇനിഷ്യേറ്റിവ് പദ്ധതി സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാകും മ്യാന്മാര് പദ്ധതി ആരംഭിക്കുക. അയല്‍ രാജ്യങ്ങളുമായുള്ള ബന്ധം മോശമാക്കുന്ന പ്രവര്‍ത്തനങ്ങളാണ് ചൈനയില്‍ നിന്നുണ്ടാകുന്നത്. 2015 മുതല്ക്കേ ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടന്നുവരികയായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇത്തരത്തില്‍ പാകിസ്താനുമായി സാമ്പത്തിക ഇടനാഴിയും ചൈന നടപ്പാക്കി കഴിഞ്ഞു. ഇതില്‍ ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു. കൂടാതെ പാകിസ്ഥാന്റെ സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് വന്‍ സാമ്പത്തിക സഹായം ചൈന വാഗ്ദാനം ചെയ്തിരുന്നു.
Discussion about this post