ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ തടസങ്ങളുണ്ടെന്ന് ബിജെപി ദേശീയ സെക്രട്ടറി രാം മാധവ്. കോടതി വിധി മറികടക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം തുറന്ന് പറയുന്നു. പക്ഷേ സാധ്യമായത് എല്ലാം ചെയ്യുമെന്നും നേതാവ് കൂട്ടിച്ചേര്‍ത്തു. ശബരിമല യുവതി പ്രവേശനത്തിന് എതിരെ കൊല്ലം എംപി എന്‍കെ പ്രേമചന്ദ്രന്‍ ലോക്സഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിക്കാനിരിക്കെയാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതിന് തടസമുണ്ടെന്ന് രാം മാധവ് തുറന്ന് പറയുന്നത്.
ശബരിമല ഉള്‍പ്പെടെ എന്‍കെ പ്രേമചന്ദ്രന്‍ എംപി നല്‍കിയ നാല് സ്വകാര്യ ബില്ലുകള്‍ക്കാണ് ഇന്ന് അവതരണാനുമതി ലഭിച്ചിട്ടുള്ളത്. ശബരിമലയില്‍ സുപ്രീം കോടതി വിധിക്ക് മുന്‍പുള്ള സാഹചര്യം തുടരണം. നിയമം പ്രാബല്യത്തില്‍ വന്നാല്‍ കോടതിയിലും ട്രൈബ്യൂണലിലും അടക്കം മറ്റു നടപടികള്‍ പാടില്ല. ശബരിമലയിലെ ആചാരങ്ങള്‍ക്ക് മാറ്റം ആവശ്യമാണെങ്കില്‍ 2018 സെപ്റ്റംബര്‍ ഒന്നിന് നിലനിന്ന ആചാരാനുഷ്ഠാനങ്ങള്‍ക്ക് അനുസൃതമാകണം. മതപരമായ രീതികള്‍ നടപ്പാക്കുന്നുവെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഉറപ്പുവരുത്തണം എന്നീ ആവശ്യങ്ങളാണ് എംപി അവതരിപ്പിക്കുന്ന ബില്ലില്‍ പരാമര്‍ശിച്ചിട്ടുള്ളത്.
എന്നാല്‍ കേരളത്തില്‍ ലോകസഭാ തെരഞ്ഞെടുപ്പ് നേരിടുന്ന സമയത്ത് ശബരിമല വിഷയം തന്നെയാണ് ബിജെപി ആയുധമാക്കിയിരുന്നത്. സ്ത്രീപ്രവേശനത്തിനെതിരെ സമരം ശക്തമാക്കി വന്‍ പോരാട്ടമാണ് ബിജെപി സംസ്ഥാനത്ത് നടത്തിയത്. കൂടാതെ പ്രചാരണ വേളയില്‍ അമിത് ഷാ മുതലായ കേന്ദ്ര നേതാക്കളും കേരളത്തില്‍ എത്തി ശബരിമല വിഷയം തന്നെ എടുത്തിട്ടാണ് വോട്ട് തേടിയത്. ഇതെല്ലാം നിലനില്‍ക്കെയാണ് ബിജെപി കേന്ദ്രനേതൃത്വത്തില്‍ നിന്നും ഇത്തരത്തിലൊരു തീരുമാനം എന്നത് ഏറെ ശ്രദ്ധേയകരമാണ്. അധികാരത്തില്‍ ഏറിയപ്പോള്‍ നിലപാട് മാറ്റിയല്ലേ എന്ന വിമര്‍ശനങ്ങളും ഇതിനോടകം ഉയര്‍ന്ന് കഴിഞ്ഞു.