റായ്പൂര്‍: ബീഹാറിന് പുറമെ ആശങ്ക പടര്‍ത്തി ഛത്തീസ്ഗഡില്‍ മൂന്ന് കുട്ടികള്‍ക്ക് മസ്തിഷ്‌കജ്വരം ബാധിച്ചു. ജഗ്ദല്‍പൂര്‍ ജില്ലയില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്ന് കുട്ടികളില്‍ ഒരാളുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. മൂന്നും നാലും ഏഴും വയസുള്ള കുട്ടികള്‍ക്കാണ് മസ്തിഷ്‌ക ജ്വരം ബാധിച്ചിരിക്കുന്നത്.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളില്‍ ജപ്പാന്‍ ജ്വരത്തിന്റെയും ലക്ഷണങ്ങള്‍ കാണാനുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടികളില്‍ മസ്തിഷ്‌കജ്വരം കണ്ടെത്തിയതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
അതേസമയം, മസ്തിഷ്‌ക ജ്വരം ബാധിച്ച് ബിഹാറില്‍ മരിച്ച കുട്ടികളുടെ എണ്ണം 138 ആയി. ജാഗ്രതയോടെ ഇടപെടുന്നുവെന്ന് ബീഹാര്‍ സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് മരണസംഖ്യ ഉയരുന്നത്. മുസഫര്‍പൂരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ്, കെജ്രിവാള്‍ ആശുപത്രി എന്നിവിടങ്ങളിലായി 7കുട്ടികള്‍ കൂടി ഇന്ന് മരിച്ചു. രോഗലക്ഷണങ്ങളോടെ 21 കുട്ടികളെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.