അന്താരാഷ്ട്ര യോഗാദിനത്തില്‍ പ്രധാനമന്ത്രിക്കൊപ്പം യോഗ ചെയ്യാന്‍ 30,000 പേര്‍; യുഎഇയിലും യോഗാ ദിനാചരണം

ജനങ്ങള്‍ക്ക് യോഗ സന്ദേശവും പ്രധാമന്ത്രി നല്‍കി. വെളുത്ത വസ്ത്രം ധരിച്ചാണ് പ്രധാനമന്ത്രി യോഗ ചെയ്യാനെത്തിയത്.

റാഞ്ചി: രാജ്യത്ത് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ അഞ്ചാമത് അന്താരാഷ്ട്ര യോഗാ ദിനാചരണം. റാഞ്ചിയില്‍ 30,000 ആളുകളാണ് യോഗാ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കൊപ്പം യോഗ ചെയ്യുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് മറ്റ് കേന്ദ്രമന്ത്രിമാര്‍ എന്നിവരും യോഗ പരിപാടികളില്‍ പങ്കാളികളായി. ജനങ്ങള്‍ക്ക് യോഗ സന്ദേശവും പ്രധാനമന്ത്രി നല്‍കി. വെളുത്ത വസ്ത്രം ധരിച്ചാണ് പ്രധാനമന്ത്രി യോഗ ചെയ്യാനെത്തിയത്.

ഇന്ത്യ അന്താരാഷ്ട്ര സമൂഹത്തിന് നല്‍കിയ സംഭാവനയായാണ് യോഗ കണക്കാക്കുന്നത്. മോഡി സര്‍ക്കാര്‍ ഭരണത്തിലേറിയതിനു പിന്നാലെയാണ് യോഗാചരണത്തിനായി ഒരു ദിനം ഏര്‍പ്പെടുത്തിയതും അന്താരാഷ്ട്ര തലത്തില്‍ പ്രചരിപ്പിച്ചതും. 2014 ഡിസംബര്‍ 11നാണ് ഐക്യരാഷ്ട്ര സഭ ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി മോഡിയുടെ നിര്‍ദേശ പ്രകാരമായിരുന്നു ജൂണ്‍ 21 യുഎന്‍ തെരഞ്ഞെടുത്തത്.

ന്യൂഡല്‍ഹിയിലെ യോഗ ദിനാചരണത്തിന് ബിജെപി വര്‍ക്കിങ് പ്രസിഡന്റ് ജെപി നദ്ദ നേതൃത്വം നല്‍കും. ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ അബുദാബി ഉം അല്‍ ഇമാറാത്ത് പാര്‍ക്കില്‍ സംഘടിപ്പിച്ച അഞ്ചാമത് അന്താരാഷ്ട്ര യോഗാ ദിനാചരണത്തില്‍ വിവിധ രാജ്യക്കാരായ ആയിരക്കണക്കിന് പേരാണ് പങ്കെടുത്തത്. യുഎഇ സഹിഷ്ണുതാ വകുപ്പ് മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറഖ് അല്‍ നഹ്യാന്‍ മുഖ്യാതിഥിയായിരുന്നു.

കേരളത്തില്‍ ഗവര്‍ണര്‍ പി സദാശിവത്തിന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും നേതൃത്വത്തിലാണ് യോഗാദിനം ആചരിക്കുന്നത്.

Exit mobile version