മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശില്‍ വന്‍ മദ്യകവര്ച്ച. പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ച 486 പെട്ടി മദ്യക്കുപ്പികള്‍ മോഷണം പോയി. തിത്താവി പോലീസ് സ്റ്റേഷനിലെ സ്ട്രോങ് റൂമിലായിരുന്നു മദ്യ പെട്ടികള്‍ സൂക്ഷിച്ചിരുന്നത്.
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി പ്രദേശത്ത് നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തതാണ് ഇത്രയേറെ മദ്യക്കുപ്പികള്‍. ബുധനാഴ്ച സ്റ്റേഷന് ഹൗസ് ഓഫീസര്‍ എസ് കുമാര്‍ മദ്യക്കുപ്പികള്‍ കാണാനില്ലെന്ന് വ്യക്തമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
കഴിഞ്ഞ വര്‍ഷം ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട ഒരു പ്രതിയില്‍ നിന്ന് പിടിച്ചെടുത്ത 9 എംഎം പിസ്റ്റളും സ്റ്റേഷനില്‍ നിന്ന് കാണാതെ പോയിരുന്നു. മദ്യത്തിന്റെ പെട്ടികള്‍ കാണാതായ സംഭവത്തില്‍ സ്ട്രോങ് റൂമിന്റെ സംരക്ഷണ ചുമതലയിലുണ്ടായിരുന്ന ജഗ്ബീര്‍ സിംഗ് എന്ന പോലീസുകാരനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു.