ഹൈദരാബാദ്: ബിജെപിയ്ക്കെതിരെ പ്രതിപക്ഷസഖ്യം കെട്ടിപ്പടുക്കാന്‍ ഒരുങ്ങിയ തെലുങ്കുദേശം പാര്‍ട്ടി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവിന് വന്‍ തിരിച്ചടിയായി ടിഡിപിയുടെ നാല് രാജ്യസഭാ എംപിമാര്‍ ബിജെപിയിലേക്ക്. രണ്ടു പേര് ഇക്കാര്യം വെളിപ്പെടുത്തുകയും ചെയ്തു.
ഇന്ന് വൈകിട്ട് അഞ്ചരയോടെയാണ് ടിഡിപിയുടെ രാജ്യസഭാ എംപിമാരായ വൈ എസ് ചൗധുരി, ടിജി വെങ്കടേഷ്, സിഎം രമേഷ് എന്നിവര്‍ രാജിക്കത്ത് രാജ്യസഭാ ചെയര്‍മാനും വൈസ് പ്രസിഡന്റുമായ വെങ്കയ്യാ നായിഡുവിന് കൈമാറിയത്. ജി മോഹന്‍ റാവു എന്ന എംപി കൂടി കളം മാറ്റിച്ചവിട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടിഡിപിയ്ക്ക് നിലവില്‍ ആറ് രാജ്യസഭാ എംപിമാരാണുള്ളത്. ഇതില്‍ മൂന്ന് പേരാണ് നിലവില്‍ ബിജെപിയിലേക്ക് കൂടുമാറുന്നത്.
രാജ്യസഭയില്‍ നിലവില്‍ ഭൂരിപക്ഷമില്ലാത്ത ബിജെപിക്ക് സ്വന്തം കളത്തിലേക്ക് കൂടുതല്‍ ആളുകളെ എത്തിക്കുകയെന്നത് നിര്‍ണായകമാണ്. മുത്തലാഖുള്‍പ്പടെ നിരവധി പ്രധാനപ്പെട്ട ബില്ലുകള്‍ പാര്‍ലമെന്റില്‍ പാസ്സാക്കാന്‍ രണ്ട് സഭകളിലും കൃത്യമായ പിന്തുണ ബിജെപിക്ക് ആവശ്യമാണ്. ഇത് മുന്നില്‍ക്കണ്ടാണ് ബിജെപി കരുക്കള്‍ നീക്കുന്നത്. നാല് എംപിമാരും ബിജെപി അധ്യക്ഷന്‍ കൂടിയായ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, പാളയത്തില്‍ പട നാല് എംപിമാരുടെ ചുവടുമാറ്റത്തില്‍ മാത്രം ഒതുങ്ങില്ലെന്നാണ് സൂചന. ടിഡിപിയുടെ മുതിര്‍ന്ന നേതാക്കളും മുന്‍ എംഎല്‍എമാരും കാക്കിനടയിലെ ഒരു ഹോട്ടലില്‍ രഹസ്യയോഗം ചേരുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. മുന്‍ എംഎല്‍എ തോട്ട ത്രിമൂര്‍ത്തുലുവിന്റെ നേതൃത്വത്തില്‍ കാപു വിഭാഗത്തില്‍പ്പെട്ട എംപിമാരാണ് രഹസ്യയോഗം ചേരുന്നത്. ഭാവി പരിപാടികള്‍ എന്തായിരിക്കണമെന്ന് തീരുമാനിക്കാനാണ് യോഗം. ഇവരും പാര്‍ട്ടി വിടുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്.
നേരത്തേ തന്നെ, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്ന് നിരവധി നേതാക്കള്‍ പാര്‍ട്ടികളില്‍ നിന്ന് കൊഴിഞ്ഞുപോകുമെന്നും സ്വന്തം പാളയത്തിലെത്തുമെന്നും ചില ബിജെപി നേതാക്കള്‍ അവകാശപ്പെട്ടിരുന്നു. പാര്‍ട്ടിയില്‍ ചേരാന്‍ ഇങ്ങോട്ട് അനുമതി ചോദിച്ച് വന്നവരാണിവരെല്ലാം എന്നായിരുന്നു ബിജെപി നേതാക്കളുടെ അവകാശവാദം.
തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം മുഖ്യമന്ത്രിസ്ഥാനം നഷ്ടമായ ചന്ദ്രബാബു നായിഡു ഇപ്പോള്‍ വിദേശത്ത് അവധിക്കാലം ആഘോഷിക്കാന്‍ പോയിരിക്കുകയാണ്. ഈ വര്‍ഷം ലോക്സഭാ തെരഞ്ഞെടുപ്പിന് ഒപ്പം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ടിഡിപി വൈഎസ്ആര്‍ കോണ്‍ഗ്രസിനോട് വന്‍ ഭൂരിപക്ഷത്തില്‍ തോറ്റിരുന്നു. 151 നിയമസഭാ മണ്ഡലങ്ങളില്‍ വെറും 23 സീറ്റുകള്‍ മാത്രമാണ് ടിഡിപിക്ക് കിട്ടിയത്. സംസ്ഥാനത്തെ 25 ലോക്സഭാ സീറ്റുകളില്‍ വെറും മൂന്നെണ്ണവും.
TDP Rajya Sabha MPs YS Chowdary, TG Venkatesh, and CM Ramesh resign from TDP, submit resignation letter to M Venkaiah Naidu, Vice-President and Rajya Sabha chairman, in Delhi. pic.twitter.com/7lLpxyBRgf
— ANI (@ANI) 20 June 2019
Discussion about this post