ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെയും ഇടത് പാര്‍ട്ടികളുടെയും മാതൃക പിന്തുടര്‍ന്ന് രാജ്യത്തെ തങ്ങളുടെ എല്ലാ പാര്‍ട്ടി ഓഫീസുകളിലും ലൈബ്രറികള്‍ സ്ഥാപിക്കാനൊരുങ്ങി ബിജെപി. എല്ലാ സംസ്ഥാന ആസ്ഥാനങ്ങളിലും ജില്ലാ ഓഫീസുകളിലും ലൈബ്രറികള്‍ നിര്‍മ്മിക്കും. ചരിത്ര രേഖകള്‍ സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം.
പാര്‍ട്ടിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ മോഡിയും അമിത് ഷായും തീരുമാനിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ലൈബ്രറികള്‍ സ്ഥാപിക്കാനൊരുങ്ങുന്നത്. ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസും തങ്ങളുടെ എല്ലാ രാഷ്ട്രീയ നടപടികളും ഡോക്യുമെന്റ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ട്. എന്നാല്‍ ബിജെപി ഇത്തരം കാര്യങ്ങളില്‍ അത്രത്തോളം ശ്രദ്ധ ചെലുത്തിയിരുന്നില്ല.
എഐസിസിയ്ക്ക് മികച്ച ലൈബ്രറിയാണുള്ളത്. ഇടതു പാര്‍ട്ടികളുടെ ഓഫീസുകളിലും മികച്ച ലൈബ്രറികളുണ്ട്. തങ്ങളുടെ നേതാക്കളുടെയും തങ്ങളോട് വിയോജിപ്പുള്ളവരുടെയും പുസ്തകങ്ങള്‍ ശേഖരിക്കുമെന്ന് ലൈബ്രറികളുടെ നിര്‍മ്മാണ ചുമതലയുള്ള അനിര്‍ബന്‍ ഗാംഗുല പറഞ്ഞു. താഴെത്തട്ടിലുള്ള പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി ചരിത്രം പഠിപ്പിക്കുക എന്ന ഉദ്ദേശവും ഇതിന് പിന്നിലുണ്ട്.
കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം ചെയ്ത ബിജെപിയുടെ പുതിയ ആസ്ഥാനത്തിന്റെ നാലാംനിലയില്‍ വിശാലമായ ലൈബ്രറിയാണ് ഒരുക്കിയിരിക്കുന്നത്. ഇതേ മാതൃകയില്‍ എല്ലാ സംസ്ഥാനങ്ങളിലും നിര്‍മ്മിക്കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
Discussion about this post