ന്യൂഡല്‍ഹി: പാകിസ്താനുമായി സമാധാനചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി അറിയിച്ചെന്ന് പാക് മാധ്യമത്തില്‍ റിപ്പോര്‍ട്ട്. ഇക്കാര്യം അറിയിച്ച് പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും പാകിസ്താന് കത്തെഴുതിയെന്നാണ് പാക് മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ അഭിനന്ദന സന്ദേശത്തിനയച്ച മറുപടിയെ പാക് മാധ്യമം തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് ഇന്ത്യ പ്രതികരിച്ചു.
ഉഭയകക്ഷി ചര്‍ച്ചകള്‍ക്കുള്ള പാകിസ്താന്റെ ക്ഷണം ഇന്ത്യ സ്വീകരിച്ചു എന്ന രീതിയിലാണ് പാക് മാധ്യമമായ ദി എക്സ്പ്രസ് ട്രിബ്യൂണ്‍ വാര്‍ത്ത നല്‍കിയത്. ഇക്കാര്യം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡിയും വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയശങ്കറും പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനും വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷിക്കും കത്തെഴുതിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
നയതന്ത്ര പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അയച്ച നന്ദി സന്ദേശത്തെ തെറ്റായി വ്യാഖ്യാനം ചെയ്തതാണ് റിപ്പോര്‍ട്ട് എന്ന് ഡല്‍ഹി വൃത്തങ്ങള്‍ പ്രതികരിച്ചു. സ്വാഭാവികവും സഹകരണപരവുമായ ബന്ധമാണ് ഇന്ത്യ അയല്‍രാജ്യങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നാണ് സന്ദേശത്തില്‍ പറഞ്ഞിരുന്നത്.
വിശ്വസ്തതയോട് കൂടിയതും തീവ്രവാദമുക്തവുമായ പരിതസ്ഥിതി സൃഷ്ടിക്കേണ്ടത് അത്യാവശ്യമാണെന്നും പ്രധാനമന്ത്രി അയച്ച സന്ദേശത്തില്‍ പറഞ്ഞിരുന്നു. ഇതിനെയൊക്കെ പാക് മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചതാണ് തെറ്റിദ്ധാരണാജനകമായ റിപ്പോര്‍ട്ടിന് കാരണമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്.
Discussion about this post