ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിനെയും വിമര്‍ശിച്ചതിന്റെ പേരില്‍ പ്രശസ്ത റാംപ് നര്‍ത്തിയും ഗായികയുമായ ഹാര്‍ഡ് കൗറി(തരണ്‍ കൗര്‍ ധിലോണ്‍)നെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. ദേശീയ മാധ്യമങ്ങളാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്.
ആര്‍എസ്എസ് പ്രവര്‍ത്തകനും അഭിഭാഷകനുമായ വാരണാസി സ്വദേശി ശശാങ്ക് ശേഖറിന്റെ പരാതിയിലാണ് നടപടി. ഫേസ്ബുക്കിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയുമായിരുന്നു താരം നേതാക്കള്‍ക്ക് നേരെ വിമര്‍ശനം ഉന്നയിച്ചത്. യോഗി ആദിത്യനാഥിനെ ‘റേപ്മാന്‍’ എന്ന് വിശേഷിപ്പിക്കുകയും പുല്‍വാമയടക്കമുള്ള രാജ്യത്തെ ഭീകരാക്രമണങ്ങള്‍ക്ക് ഉത്തരവാദി മോഹന്‍ ഭാഗവതാണെന്നും ഹാര്‍ഡ് കൗര്‍ ആരോപിച്ചിരുന്നു.
ഹേമന്ത് കര്‍ക്കരെയുടെ മരണത്തിനും മോഹന്‍ ഭാഗവതാണ് ഉത്തരവാദിയെന്നും ഹാര്‍ഡ് കൗര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഐപിസി സെക്ഷന്‍ 124(എ), 153, 500, 505, ഐടി ആക്ട് 66 എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറുമെന്നും റിപ്പോര്‍ട്ടിലുണ്ട്.
Discussion about this post