ജമനനഗര്; നരേന്ദ്ര മോഡിയുടെ കടുത്ത വിമര്‍ശകനായിരുന്ന മുന്‍ ഐപിഎസ് ഓഫീസര്‍ സജ്ഞീവ് ഭട്ടിന് ജീവപര്യന്തം ശിക്ഷ. ഗുജറാത്ത് ജമ്നനഗര്‍ സെഷന് കോടതിയുടെതാണ് വിധി. 29 വര്‍ഷം മുന്നേ 1990 ല്‍ നടന്ന കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസിലാണ് സഞ്ജീവ് ഭട്ടിന് ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്. സജ്ഞീവ് ഭട്ടിനെ കൂടാതെ മറ്റൊരു പോലീസുകാരനായ പ്രവീണ്‍ സിംഗ് ജാലക്കും ജീവപര്യന്തം വിധിച്ചിട്ടുണ്ട്.
പ്രഭുദാസ് മാധവി വൈഷ്ണവി എന്നയാള്‍ 1990 നവംബറില്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് സഞ്ജീവ് ഭട്ടിന് ജീവപര്യന്ത്യം വിധിച്ചത്. 1990ല്‍ എല്‍കെ അദ്വാനിയുടെ രഥ യാത്രയുമായി ബന്ധപ്പെട്ട് വര്‍ഗീയ കലാപം നടത്താന്‍ ശ്രമിച്ച 150 ഓളം പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഈ സമയം ജമ്നനഗറില് എഎസ്പി ആയിരുന്നു ഭട്ട്. ഇതില്‍ വൈഷ്ണവിയും ഉണ്ടായിരുന്നു. ഒന്‍പത് ദിവസം കസ്റ്റഡിയില്‍ ഇരുന്ന വൈഷ്ണവിയെ പത്താം ദിവസം ജാമ്യത്തില്‍ വിട്ടപ്പോള്‍ മരണപ്പെടുകയായിരുന്നു. പോസ്റ്റ്മോര്ട്ടപ്രകാരം വൃക്ക തകരാറിലായതെ തുടര്‍ന്നാണ് മരണം സംഭവിച്ചത് എന്നായിരുന്നു റിപ്പോര്‍ട്ട്.
എന്നാല്‍ സഞ്ജീവ് ഭട്ട് മര്‍ദിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്ന് ബന്ധുക്കള്‍ പരാതി നല്കി. തുടര്‍ന്ന് സഞ്ജീവ് ഭട്ടിനും മറ്റ് ആറു പോലീസുകാര്‍ക്കുമെതിരെ കേസ് എടുത്തു. 1995 കേസ് ട്രയല്‍ തുടങ്ങുകയും 2011 സ്റ്റേ കിട്ടിയതിനെ തുടര്‍ന്ന് ട്രയല്‍ നിര്‍ത്തി വയ്ക്കുകയും ചെയ്തിരുന്നു. പിന്നീട് സ്റ്റേ മാറുകയും ട്രയല്‍ തുടരുകയായിരുന്നു.നിലവില്‍ 22 വര്‍ഷം പഴക്കമുള്ള മറ്റൊരു കേസില്‍ ഭട്ട് പോലീസ് കസ്റ്റഡിയിലാണ്.
ബിജെപി സര്‍ക്കാരിന്റെയും നരേന്ദ്ര മോഡിയുടെയും കടുത്ത വിമര്‍ശകനായിരുന്നു സജ്ഞീവ് ഭട്ട്.ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോഡിക്കെതിരെ ഗുജറാത്ത് കലാപക്കേസില്‍ ശക്തമായ നിലപാട് സ്വീകരിച്ച ഉദ്യോഗസ്ഥനായിരുന്നു സഞ്ജീവ് ഭട്ട്. മോഡിക്കെതിരെ സുപ്രീംകോടതിയില്‍ സഞ്ജീവ് ഭട്ട് സത്യവാങ് മൂലം നല്‍കിയിരുന്നു. സര്‍വീസില്‍നിന്ന് ഒഴിവാക്കിയ ശേഷവും മോഡിക്കും ബിജെപിക്കുമെതിരെ വിമര്‍ശനമുന്നയിച്ചിരുന്നു.
2011ലാണ് അനുവാദമില്ലാതെ അവധിയെടുത്തെന്നും ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തെന്നും ആരോപിച്ച് സര്‍വ്വീസില്‍ നിന്നും സഞ്ജീവ് ഭട്ടിനെ സസ്പെന്‍ഡ് ചെയ്തത്. തുടര്‍ന്ന് 2015ല്‍ അദ്ദേഹത്തെ സര്‍വീസില്‍നിന്ന് ഡിസ്മിസ് ചെയ്തു.
Discussion about this post