ന്യൂഡല്‍ഹി: ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് എന്ന വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വിളിച്ച സര്‍വകക്ഷിയോഗം ബഹിഷ്കരിച്ച് പ്രതിപക്ഷം. പാര്‍ലമെന്റില്‍ പ്രാതിധ്യമുള്ള എല്ലാ പാര്‍ട്ടികളുടെയും അധ്യക്ഷന്മാരെയാണ് ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നത്.
എന്നാല്‍ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ഉള്‍പ്പെടെ അഞ്ച് പാര്‍ട്ടികള്‍ യോഗത്തിനെത്തിയില്ല. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ, സമാജ്വാജി പാര്‍ട്ടി, ബിഎസ്പി തുടങ്ങിയ പാര്‍ട്ടികളാണ് യോഗത്തില്‍ നിന്ന് വിട്ടുനിന്നത്. എഎപി, ടിഡിപി, ടിആര്‍എസ് എന്നീ പാര്‍ട്ടികള്‍ പ്രതിനിധികളെ മാത്രമാണ് അയച്ചിട്ടുള്ളത്.
തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ക്കായി വേണ്ടിവരുന്ന സമയവും പണച്ചിലവും കുറയ്ക്കുക എന്ന ലക്ഷ്യം മുന്നില്‍ വെച്ചാണ് ഒറ്റത്തിരഞ്ഞെടുപ്പ് എന്ന ആശയം
ബിജെപി മുന്നോട്ടുവെക്കുന്നത്. എന്നാല്‍ പ്രതിപക്ഷ കക്ഷികള്‍ ഈ ആശയത്തെ പിന്തുണയ്ക്കുന്നില്ല. ബിജെപിയുടെ ആശയം നടപ്പിലാക്കണമെന്നുണ്ടെങ്കില്‍ ഭരണഘടനാ ഭേദഗതി ആവശ്യമാണ്.
ഇതിന് പാര്‍ലമെന്റിന്റെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. ഇതേതുടര്‍ന്നാണ് പ്രതിപക്ഷ കക്ഷികളെ അടക്കം യോഗത്തിന് വിളിച്ചത്. രാജ്യത്തിന്റെ ഫെഡറല്‍ തത്വത്തിന് വിരുദ്ധമാണ് ഈ നീക്കമെന്നാണ് പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നത്. മാത്രമല്ല ഇത് എത്രത്തോളം പ്രായോഗികമാണെന്നതില്‍ അവര്‍ സംശയവും പ്രകടിപ്പിക്കുന്നു. സാമൂഹിക സാമ്പത്തിക നിലവാരങ്ങള്‍ ഉയര്‍ത്തി ജില്ലകളെ വികസിപ്പിക്കാനുള്ള നീതി ആയോഗിന്റെ ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പദ്ധതിയും യോഗത്തില്‍ ചര്‍ച്ച ചെയ്യാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. 28 സംസ്ഥാനങ്ങളിലെ 117 ജില്ലകളെയാണ് ഇത്തരത്തില്‍ വികസിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നത്.
മാത്രമല്ല മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മദിനാഘോഷങ്ങളെപ്പറ്റിയും 2022 ല്‍ രാജ്യം സ്വതന്ത്രമായതിന്റെ 75-ാം വര്‍ഷവും വരുന്നതിനാല്‍ ഇതേപ്പറ്റിയും യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. പ്രതിപക്ഷ കക്ഷികളുടെ നിസ്സഹകരണത്തെ തുടര്‍ന്ന്
യോഗത്തില്‍ മാറ്റം വരുത്തുമോ എന്ന് വ്യക്തമല്ല.
Discussion about this post