മുസാഫര്‍പൂരില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 112 ആയി; 418 കുട്ടികള്‍ ചികിത്സയില്‍; ഭീതിപടര്‍ത്തി സമീപ ജില്ലകളിലും റിപ്പോര്‍ട്ട് ചെയ്ത് രോഗം

മുസാഫര്‍പൂരില്‍ മാത്രമായിരുന്നു നേരത്തെ മസ്തിഷ്‌കജ്വരം റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കില്‍ ഇപ്പോള്‍ സമീപ ജില്ലകളിലും മസ്തിഷ്‌കജ്വരം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്

പാറ്റ്‌ന; കുട്ടികളുടെ മരണം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട് ബിഹാര്‍ സര്‍ക്കാര്‍. ഇന്ന് ഒരു കുട്ടികൂടി മരണപ്പെട്ടതോടെ ബിഹാറിലെ മുസാഫര്‍പൂരില്‍ മസ്തിഷ്‌കജ്വരം ബാധിച്ച് മരിക്കുന്ന കുട്ടികളുടെ എണ്ണം 112 ആയി. മുസാര്‍ഫര്‍പൂരിലെ രണ്ട് ആശുപത്രികളിലായി 418 കുട്ടികള്‍ ചികിത്സയിലാണ്.

മുസാഫര്‍പൂരില്‍ മാത്രമായിരുന്നു നേരത്തെ മസ്തിഷ്‌കജ്വരം റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കില്‍ ഇപ്പോള്‍ സമീപ ജില്ലകളിലും മസ്തിഷ്‌കജ്വരം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

1 മുതല്‍ 10 വയസ്സ് വരെയുള്ള കുട്ടികളിലാണ് രോഗം പടര്‍ന്ന് പിടിച്ചിരിക്കുന്നത്. അതെസമയം മരണം നിയന്ത്രിക്കുന്നതില്‍ ബിഹാര്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ് എന്നാണ് പ്രതിപക്ഷ വിമര്‍ശനം. ഇന്നലെ മുസാഫര്‍പൂരിലെ ആശുപത്രി സന്ദര്‍ശിച്ച മുഖ്യമന്ത്രി നിതീഷ് കുമാറിനെ മരണപ്പെട്ട കുട്ടികളുടെ ബന്ധുക്കള്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കിയിരുന്നു.

അതിനിടെ മുസാഫര്‍പൂറില്‍ മസ്തിഷ്‌കജ്വരം പടര്‍ന്നുപിടിച്ചതില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധനും സംസ്ഥാന ആരോഗ്യമന്ത്രി മംഗള്‍ പാണ്ടേയക്കും എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുസാഫര്‍പൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മസ്തിഷ്‌കജ്വരം പടര്‍ന്നുപിടിക്കുന്നതിനെ പ്രതിരോധിക്കാന്‍ ആവശ്യമായ ബോധവത്കരണം നടത്തിയില്ല എന്നാണ് കേസ്. സാമൂഹ്യ പ്രവര്‍ത്തകനായ തമന്ന ഹഷ്മിയുടെ പരാതിയിലാണ് കേസ്. രോഗം നിയന്ത്രിക്കുന്നതിന് ആവശ്യമായ ഡ്യൂട്ടി ചെയ്യുന്നതില്‍ മന്ത്രിമാര്‍ വീഴ്ചവരുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.

വര്‍ഷങ്ങളായി കുട്ടികളുടെ മരണത്തിന് ഇടയാക്കുന്ന മസ്തിഷ്‌കജ്വരം പടര്‍ന്നുപിടിക്കുന്ന മേഖലകളില്‍ ബോധവത്കരണം നടത്താനായി മന്ത്രിമാര്‍ ഒരുനടപടിയും സ്വീകരിച്ചില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
കുട്ടികള്‍ മരിക്കുന്നത് മസ്തിഷ്‌കജ്വരം മൂലമാണെന്ന് റിപ്പോര്‍ട്ട് വന്നിരുന്നെങ്കിലും സര്‍ക്കാര്‍ ആദ്യം അത് അംഗീകരിച്ചിരുന്നില്ല.

കുട്ടികള്‍ മരിക്കുന്നത് ഹൈപ്പോഗ്ലൈക്കീമിയ മൂലമാണെന്നാണ് സംസ്ഥാന ആരോഗ്യ വകുപ്പ് വിശദീകരിച്ചിരുന്നത്. മരണം ഏതാണ്ട് അന്‍പതിനൊളം അടുത്തതിന് ശേഷമാണ് മസ്തിഷ്‌കജ്വരമാണ് കാരണമെന്ന് ആരോഗ്യവകുപ്പ് അംഗീകരിച്ചത്.

വര്‍ഷങ്ങളായി കുട്ടികളുടെ മരണത്തിന് ഇടയാക്കുന്ന മസ്തിഷ്‌കജ്വരം പടര്‍ന്നുപിടിക്കുന്ന മേഖലകളില്‍ ബോധവത്കരണം നടത്താനായി മന്ത്രിമാര്‍ ഒരുനടപടിയും സ്വീകരിച്ചില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ജൂണ്‍ 24ന് കോടതി കേസ് പരിഗണിക്കും. ഇന്ത്യന്‍ ശിക്ഷാ നിയമം 328,308,504 വകുപ്പുകള്‍ക്ക് കീഴിലാണ് കേസ് നല്‍കിയിരിക്കുന്നത്.

Exit mobile version