മുംബൈ: അനധികൃതമായി നഗരത്തില്‍ പ്രദര്‍ശിപ്പിച്ച അടിവസ്ത്ര ബൊമ്മകള്‍ നീക്കം ചെയ്യണമെന്ന ആവശ്യവുമായി ശിവസേന. അടിവസ്ത്ര ബൊമ്മകള്‍ സ്ത്രീത്വത്തിന് അപമാനമാണെന്നും ഇത്തരത്തിലുള്ള ബൊമ്മകളെ പ്രദര്‍ശിപ്പിക്കേണ്ട കാര്യമില്ല, ഇതെവിടെ കിട്ടുമെന്ന് സ്ത്രീകള്‍ക്കറിയാമെന്നും ശിവസേന കോര്പ്പറേഷന് കൗണ്‍സിലറും ബിഎംസി ലോ കമ്മറ്റി ചെയര്‍പേഴ്സണുമായ ശീതള്‍ മാത്രെ പറഞ്ഞു.
നഗരങ്ങളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള അനധികൃത അടിവസ്ത്ര ബൊമ്മകള്‍ നീക്കം ചെയ്യണമെന്ന് ശിവസേന ബൃഹന്മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള അനധികൃത അടിവസ്ത്ര ബൊമ്മകള്‍ പ്രദര്‍ശിപ്പിക്കുന്നവര്‍ക്കെതിരേ 15 ദിവസങ്ങള്‍ക്കുള്ളില്‍ നടപടിയെടുക്കണമെന്ന് ശീതള്‍ മാത്രെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
അടിവസ്ത്ര ബൊമ്മകള്‍ നീക്കണമെന്ന് നിര്‍ദേശം കഴിഞ്ഞ ആറ് വര്‍ഷമായി കമ്മറ്റിക്ക് മുമ്പാകെ വരുന്നു. മാന്യമായ രീതിയില്‍ ഈ ബൊമ്മകള്‍ പ്രദര്‍ശിപ്പിക്കാവുന്നതാണ്. അല്ലാതെ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരേ നടപടിയെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ശീതള്‍ മാത്രെ പറഞ്ഞു.2013 ല്‍ ശിവസേന കൗണ്‍സിലര്‍ റിതു താഡ്വെയും അടിവസ്ത്ര ബൊമ്മെകള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു.
Discussion about this post