ഡ്രൈവിങ് ലൈസന്‍സിന് എട്ടാം ക്ലാസ് പാസാകണമെന്ന നിബന്ധന ഒഴിവാക്കും; മോട്ടര്‍ വാഹന നിയമത്തില്‍ ഉടന്‍ ഭേദഗതി

989 ലെ കേന്ദ്ര മോട്ടര്‍ വാഹന നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം തീരുമാനിച്ചു.

ന്യൂഡല്‍ഹി: ഇനി മുതല്‍ രാജ്യത്ത് ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കാന്‍ 8-ാം ക്ലാസ് പാസാകണമെന്ന നിബന്ധനയ്ക്ക് ഇളവ് ഉണ്ടായേക്കും. ഇതിനു വേണ്ടി 1989 ലെ കേന്ദ്ര മോട്ടര്‍ വാഹന നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം തീരുമാനിച്ചു. രാജ്യത്തെ തൊഴിലില്ലായ്മ കുറയ്ക്കാനാണ് കേന്ദ്രത്തിന്റെ ഈ നീക്കം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരക്ഷരരായ ഒട്ടേറെ പേര്‍ക്കു തൊഴിലവസരം ഇതിലൂടെ സൃഷ്ടിക്കാനാകുമെന്നാണ് പ്രതീക്ഷ. എട്ടാം ക്ലാസ് യോഗ്യതാ വ്യവസ്ഥ ഒഴിവാക്കണമെന്നത് ഹരിയാനയുടെ നിര്‍ദേശമാണ്.

അവിടെ മേവാട്ട് മേഖലയില്‍ മതിയായ വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തതിനാല്‍ ലൈസന്‍സ് നിഷേധിക്കപ്പെട്ട നൂറു കണക്കിന് യുവാക്കളുടെ കാര്യം ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനം ആവശ്യമുന്നയിച്ചത്. അതേ സമയം വിദ്യാഭ്യാസ യോഗ്യത ഒഴിവാക്കുമ്പോള്‍ ലൈസന്‍സ് നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ കര്‍ശനമാക്കാനാണ് നീക്കം.

ഇതിനായി ലൈസന്‍സ് നല്‍കാനുള്ള പരീക്ഷയില്‍ ഡ്രൈവിങ് വൈദഗ്ധ്യം തെളിയിക്കുന്ന പരിശോധന കര്‍ശ്ശനമാക്കും. ഇതോടെ ഡ്രൈവിങ് ടെസ്റ്റും ലൈസന്‍സ് നല്‍കലും കൂടുതല്‍ കര്‍ക്കശ പരിശോധനയ്ക്ക് വിധേയമായിട്ടായിരിക്കും. ഓടിക്കുന്നയാള്‍ക്ക് റോഡ് ഗതാഗത ചിഹ്നങ്ങള്‍ മനസ്സിലാകുന്നുണ്ടെന്നും വാഹനത്തിന്റെ രേഖകളും ലോഗ് ബുക്കുകളും അറിയാനും മറ്റു പേപ്പര്‍ സംബന്ധമായ വിവരങ്ങള്‍ കൈകാര്യം ചെയ്യാനും കഴിവുണ്ടെന്നു ഡ്രൈവിങ് സ്‌കൂളുകളും അധികൃതരും ഉറപ്പാക്കേണ്ടി വരും.

Exit mobile version