ഒവൈസിയുടെ സത്യപ്രതിജ്ഞക്കിടെ ജയ് ശ്രീറാം വിളിച്ച് ബിജെപി; അള്ളാഹു അക്ബര്‍ പറഞ്ഞ് ഒവൈസി; ആരാധനാലയമല്ല പാര്‍ലമെന്റാണിതെന്ന് വിമര്‍ശിച്ച് സ്വതന്ത്ര എംപി

തന്നെ കാണുമ്പോള്‍ അവര്‍ക്ക് ഇത്തരം കാര്യങ്ങള്‍ ഓര്‍മ്മ വരുന്നത് നല്ല കാര്യമാണെന്നാണ് വിഷയത്തില്‍ ഒവൈസി പ്രതികരിച്ചത്.

ന്യൂഡല്‍ഹി; എഐഎംഐഎം പ്രസിഡന്റ് അസൗദുദീന്‍ ഒവൈസിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ ജയ്ശ്രീറാം വിളിച്ച് ബിജെപി എംപിമാര്‍. ഉവൈസിയെ സത്യപ്രതിജ്ഞയ്ക്കായി ക്ഷണിച്ചതിനു പിന്നാലെ അദ്ദേഹം മുന്നോട്ടേക്ക് കടന്നുവന്നുകൊണ്ടിരിക്കെയാണ് എംപിമാര്‍ ഭാരത് മാതാ കി ജയ്, ജയ് ശ്രീറാം എന്നിങ്ങനെ മുദ്രാവാക്യം വിളിച്ചത്. ഭാരത് മാതാ വിളികളെ പ്രോത്സാഹിപ്പിച്ച ഒവൈസി ‘ജയ് ഭീം-ജയ് മീം, തക്ബീര്‍ അല്ലാഹു അക്ബര്‍, ജയ് ഹിന്ദ്’ എന്നു പറഞ്ഞുകൊണ്ടാണ് പ്രതിജ്ഞ അവസാനിപ്പിച്ചത്.


തന്നെ കാണുമ്പോള്‍ അവര്‍ക്ക് ഇത്തരം കാര്യങ്ങള്‍ ഓര്‍മ്മ വരുന്നത് നല്ല കാര്യമാണെന്നാണ് വിഷയത്തില്‍ ഒവൈസി പ്രതികരിച്ചത്. ഞാന്‍ കരുതുന്നത് എന്നെ കാണുമ്പോള്‍ ഭരണഘടനയെ കുറിച്ചും, ബിഹാറില്‍ കുട്ടികള്‍ മരണപ്പെടുന്നതിനെ കുറിച്ചും ഒര്‍മ്മ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഒവൈസി പറഞ്ഞു.

പതിനെഴാം ലോക്‌സഭാ സമ്മേളനത്തിന്റെ ആദ്യ ദിനം കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ബിജെപി എംപിമാര്‍ ഉച്ചത്തില്‍ ജയ്ശ്രീറാം വിളിച്ചിരുന്നു.

അതെസമയം, ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് അമരാവതിയില്‍ നിന്നുള്ള സ്വതന്ത്ര എംപി നവനീത് റാണ ഉന്നയിച്ചത്. ‘ ജയ് ശ്രീറാം വിളിക്കേണ്ട സ്ഥലം ഇതല്ല എന്നായിരുന്നു റാണ പറഞ്ഞത്. അതിനു ക്ഷേത്രങ്ങളുണ്ട്. എല്ലാ ദൈവങ്ങളും ഒരേപോലെയാണ്. ആരെയെങ്കിലും വേട്ടയാടാനായി ആ പേര് ഉപയോഗിക്കുന്നത് തെറ്റാണ്.’ എന്നായിരുന്നു നവനീത് റാണയുടെ പ്രതികരണം.

Exit mobile version