ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പുതുക്കിയ ഓട്ടോറിക്ഷാ ചാര്‍ജ് ഇന്നുമുതല്‍ നിലവില്‍ വരും. 18.75 ശതമാനം വരെയാണ് ചാര്‍ജ് ഉയര്‍ത്തിയിരിക്കുന്നത്. കിലോമീറ്ററിന് എട്ട് രൂപ മുതല്‍ 9.5 വരെയാണ് വര്‍ധനവ്. യാത്രക്കാരുടെ ലഗേജുകള്‍ക്ക് 7.5രൂപ കൂടുതല്‍ ഈടാക്കും. എന്നാല്‍ ഓട്ടോറിക്ഷയിലെ മീറ്ററുകളില്‍ പുതുക്കിയ നിരക്കിനനുസരിച്ച് പുനക്രമീകരിച്ചതിന് ശേഷമേ പുതിയ നിരക്ക് ഈടാക്കുകയുള്ളൂ.
യാത്ര ചെയ്യുന്നതിനിടെ വണ്ടി ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങിയാല്‍ ഓരോ മിനുട്ടിനും 75 പൈസ വീതവും ഈടാക്കും. കഴിഞ്ഞ ആഴ്ചയാണ് അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാര്‍ ഡല്‍ഹിയില്‍ പുതുക്കിയ ഓട്ടോ നിരക്ക് പ്രഖ്യാപിച്ചത്.
90000ഓളം വരുന്ന ഓട്ടോകളുടെ മീറ്ററുകള്‍ പുനക്രമീകരിക്കാന്‍ ഒരു മാസത്തോളം സമയം വേണ്ടി വരുമെന്നതിനാല്‍ ഇതിന് ശേഷമേ പുതിയ നിരക്ക് ഈടാക്കുകയുള്ളൂ. ഡല്‍ഹിയില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പുതിയ നീക്കം.