കൊല്‍ക്കത്ത; ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് ചേക്കേറുന്നതില്‍ പ്രതികരണവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പാര്‍ട്ടിയിലെ കള്ളന്മാര് പുറത്ത് പോകുന്നതായി മാത്രം ഇതിനെ കണ്ടാല്‍ മതിയെന്നാണ് മമതാ ബാനര്‍ജിയുടെ പ്രതികരണം. കഴിഞ്ഞ ദിവസം ഒരു എംഎല്‍എയും 12 കൗണ്‍സിലര്‍മാരും ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഈ വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു മമത. നൗപാര എംഎല്‍എ സുനില്‍ സിങാണ് ബിജെപിയില്‍ ചേര്‍ന്നത്.
‘ത്രിണമൂല്‍ കോണ്‍ഗ്രസ് ഒരു ശോഷിച്ച പാര്‍ട്ടിയല്ല. 15-20 കൗണ്‍സില്‍മാര്‍ പണം ലഭിച്ചത് ബിജെപിയിലേക്ക് പോയി. അവര്‍ പോയത് കൊണ്ട് പ്രശ്നമില്ല, ഏതെങ്കിലും എംഎല്‍എയ്ക്ക് ബിജെപിയിലേക്ക് പോകണമെങ്കില്‍ പോകാം, ഞങ്ങള്‍ക്ക് കള്ളന്മാരെ ആവശ്യമില്ല, കള്ളന്മാര് പാര്‍ട്ടിക്ക് പുറത്ത് പോയതായിട്ടെ അതിനെ കണക്കാക്കുകയുള്ളൂ. പാര്‍ട്ടിയില്‍ നിന്ന് ഒരാള്‍ പോയാല്‍ ഞാന്‍ അഞ്ഞൂറ് പേരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരുമെന്നും മമത പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ബിജെപിയിലേക്ക് ചേക്കെറുന്ന മൂന്നാമത്തെ ത്രിണമൂല്‍ എംഎല്‍എയാണ് സുനില്‍. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി നരേന്ദ്ര മോഡി ബംഗാളില്‍ വന്നപ്പോള്‍ 40 ത്രിണമൂല്‍ എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്ന് അവകാശപ്പെട്ടിരുന്നു.
പിന്നാലെ പല ദിവസങ്ങളിലായി ത്രിണമൂലിന്റെ മൂന്ന് എംഎല്‍എമാരും കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും ഒരോ എംഎല്‍എമാരും ബിജെപിയില്‍ എത്തിയിരുന്നു. കൂടാതെ ത്രിണമൂലിന്റെ 72 കൗണ്‍സിലര്‍മാര്‍ ബിജെപിയില്‍ എത്തിയെന്നാണ് ബിജെപി അവകാശപ്പെടുന്നത്.
Discussion about this post