മുംബൈ: മാസം തോറും മഹാരാഷ്ട്രയിലെ ഷിര്‍ദി സായി ക്ഷേത്രത്തില്‍ കാണിക്കയായി ചില്ലറ മാത്രം വീഴുന്നത് 14 ലക്ഷത്തിനടുത്ത്. നാണയങ്ങള്‍ സൂക്ഷിക്കാന്‍ സംവിധാനം ഇല്ലാത്തതും ഇവ സ്വീകരിച്ച് പകരം നോട്ട് നല്കാന് ബാങ്കുകള്‍ തയ്യാറാവാത്തതുമാണ് ക്ഷേത്രം ട്രസ്റ്റ് അധികൃതരെ കുഴപ്പിക്കുന്നത്.
ആത്മീയഗുരുവായ ഷിര്‍ദി സായി ബാബയ്ക്കായി നിര്‍മ്മിച്ചതാണ് മഹാരാഷ്ട്രയിലെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നായ ഈ ക്ഷേത്രം. രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി തീര്‍ത്ഥാടകരാണ് ഇവിടേയ്ക്ക് എത്തുന്നത്. സന്ദര്‍ശനത്തിനൊപ്പം ക്ഷേത്ര ഭണ്ഡാരത്തില് പണവും നിക്ഷേപിക്കുന്നുണ്ട്. രണ്ടാഴ്ചയില്‍ ഒരിക്കല്‍ പണം എണ്ണിത്തിട്ടപ്പെടുത്താറുണ്ടെന്നും രണ്ട് കോടിയോളം രൂപയോളം വരുന്ന വരുമാനത്തില്‍ ഏഴ് ലക്ഷം രൂപയോളം നാണയങ്ങളായിരിക്കുമെന്നും ക്ഷേത്ര ട്രസ്റ്റിന്റെ സിഇഒ ദീപക് മുഗ്ലികര്‍ പറഞ്ഞു.
എട്ട് ബാങ്കുകളില്‍ അക്കൗണ്ടുള്ള ട്രസ്റ്റിന് പണം സൂക്ഷിക്കാനുള്ള സൗകര്യം ലഭ്യമാക്കാന്‍ ബാങ്കുകള്‍ക്ക് സ്ഥലപരിമിതി മൂലം സാധിക്കുന്നില്ല. ഏതാണ്ട് ഒന്നരക്കോടിയോളം രൂപ നാണയരൂപത്തില്‍ ബാങ്കുകളില്‍ സൂക്ഷിച്ചിരിക്കുന്നതായാണ് സൂചന. പണം സൂക്ഷിക്കാനുള്ള സംവിധാനത്തിനായി ഇനി റിസര്‍വ് ബാങ്കിനെ സമീപിക്കാനുള്ള തീരുമാനത്തിലാണ് ട്രസ്റ്റ് അധികൃതര്‍.
Discussion about this post