ജങ്ക് ഫുഡ് കഴിക്കരുതെന്ന് ഉപദേശിക്കാന്‍ ഞാന്‍ പാകിസ്താന്‍ ടീമിന്റെ അമ്മയോ ഡയറ്റീഷ്യനോ അല്ല; വീണാ മാലിക്കിന്റെ വായടപ്പിച്ച് സാനിയ മിര്‍സ

പാകിസ്താന്‍ തോല്‍വിയില്‍ ഏറ്റവുമധികം ട്രോളിന് ഇരയായത് സാനിയയായിരുന്നു.

മാഞ്ചസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്‌ക്കെതിരെ ദയനീയമായി പരാജയപ്പെട്ട പാകിസ്താന്‍ ടീമിനെതിരെ ആരാധകര്‍ കടുത്ത രോഷത്തിലാണ്. പാക് ടീമംഗങ്ങളുടെ ഭക്ഷണപ്രിയമാണ് അവരുടെ തോല്‍വിക്ക് കാരണമെന്നാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്ന ആരോപണം. ജങ്ക് ഫുഡും ബിരിയാണിയും ടീമംഗങ്ങള്‍ ഒഴിവാക്കണമെന്ന് ആരാധകര്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. ഇതിനിടെയാണ് മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കായി മടങ്ങിയ ബാറ്റ്‌സ്മാന്‍ ഷോയബ് മാലിക്കിന്റെ ഭാര്യയും ഇന്ത്യന്‍ ടെന്നീസ് താരവുമായ സാനിയയ്‌ക്കെതിരെ സോഷ്യല്‍മീഡിയ തിരിഞ്ഞത്. പാകിസ്താന്‍ തോല്‍വിയില്‍ ഏറ്റവുമധികം ട്രോളിന് ഇരയായത് സാനിയയായിരുന്നു.

ഇതിനിടെ ഉപദേശിക്കുക എന്ന തരത്തില്‍ പരിഹാസവുമായി ഇറങ്ങിയ പാക് നടി വീണാ മാലിക്കിന്റെ വായടപ്പിക്കുന്ന മറുപടി നല്‍കിയിരിക്കുകയാണ് സാനിയ. ഷോയബ് മാലിക്ക് ഇന്ത്യക്കെതിരായ മത്സരത്തിന് തലേദിവസം രാത്രി രണ്ടു മണി വരെ ഹുക്ക് വലിച്ചിരിക്കുന്നത് തങ്ങള്‍ കണ്ടിരുന്നുവെന്ന് ആരാധകര്‍ ആരോപിച്ചിരുന്നു. ഇതിനെ പരാമര്‍ശിച്ചായിരുന്നു വീണാ മാലിക്കിന്റെ ഉപദേശം. ‘സാനിയ നിങ്ങളുടെ കുട്ടിയെ ഓര്‍ത്ത് എനിക്ക് ആശങ്കയുണ്ട്. നിങ്ങള്‍ ഒരിക്കലും അവനെ ഹുക്ക വലിക്കുന്ന സ്ഥലത്ത് കൊണ്ടുപോകരുത്. അത് വാണിജ്യപരമായ എന്ത് ആവശ്യങ്ങള്‍ക്കായാലും. അത് ആരോഗ്യത്തിന് ഹാനികരമാണ്. അതുപോലെ കായികതാരങ്ങള്‍ക്ക് ജങ്ക് ഫുഡ് കൊടുക്കുന്നതും നല്ലതല്ല. കായികതാരമെന്ന നിലയിലും അമ്മയെന്ന നിലയിലും ഇക്കാര്യം നിങ്ങള്‍ക്ക് അറിയുന്നതാണല്ലോ?’ എന്നായിരുന്നു വീണാ മാലിക്കിന്റെ ട്വീറ്റ്.

എന്നാല്‍ താന്‍ മകനെ ഹുക്ക വലിക്കുന്ന സ്ഥലത്ത് കൊണ്ടുപോയിട്ടില്ലെന്നും ഇതൊന്നും നിങ്ങള്‍ അന്വേഷിക്കേണ്ട കാര്യമില്ലെന്നും സാനിയ താക്കീത് ചെയ്യുന്നു. മറ്റേതൊരു അമ്മയേക്കാളും താന്‍ മകനെ സ്‌നേഹിക്കുന്നുണ്ടെന്നും പറഞ്ഞ സാനിയ താന്‍ പാക് ക്രിക്കറ്റ് ടീമിന്റെ ഡയറ്റീഷ്യനല്ലെന്നും അവരുടെ അമ്മയോ ടീച്ചറോ ഒന്നുമല്ലെന്നും ട്വിറ്ററിലൂടെ തന്നെ മറുപടി നല്‍കി.

രണ്ടാമത്തെ ട്വീറ്റില്‍ പാകിസ്താന്‍ ടീമംഗങ്ങള്‍ ഉണരുന്നതും ഉറങ്ങുന്നതുമെല്ലാം അന്വേഷിക്കുന്ന കാര്യത്തില്‍ വീണ എടുക്കുന്ന പരിഗണനക്ക് നന്ദി പറയുന്നുവെന്നും സാനിയ കുറിച്ചു.

Exit mobile version