പാട്ന: ബിഹാറിലെ മുസഫര്‍പുരില്‍ മസ്തിഷ്കജ്വരം ബാധിച്ച് കഴിഞ്ഞ 16 ദിവസത്തിനുള്ളില്‍ നൂറിലേറെ കുഞ്ഞുങ്ങള്‍ മരിച്ചു വീണിട്ടും സംഭവം ഗൗരവത്തിലെടുക്കാതെ സംസ്ഥാനവും കേന്ദ്ര സര്‍ക്കാരും. ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം രോഗം ബാധിച്ച് ഇതുവരെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ട 83 കുട്ടികളും കെജരിവാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 17 കുട്ടികളുമാണ് മരിച്ചത്. ഒട്ടേറെ കുട്ടികള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്. ഇതിനിടെ, രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ പോലും സര്‍ക്കാരിനോ ഡോക്ടര്‍മാര്‍ക്കോ സാധിച്ചിട്ടില്ല.
അതേസമയം, വിഷയത്തെ ഗൗരവത്തിലെടുക്കാതെ കേന്ദ്ര സര്‍ക്കാരും ബിഹാര്‍ സര്‍ക്കാരും ജനങ്ങളെ അപഹസിക്കുന്നത് സോഷ്യല്‍മീഡിയയേയും രോഷത്തിലാക്കിയിട്ടുണ്ട്. ഗുരുതരമായ ഈ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വനി കുമാര്‍ ചൗബേ ഉറങ്ങിയത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. യോഗത്തില്‍ കേന്ദ്രമന്ത്രി ഹര്‍ഷ വര്ധന് സ്ഥിതിഗതികള്‍ വിവരിക്കുന്നതിനിടയിലായിരുന്നു മന്ത്രി അശ്വനികുമാറിന്റെ ഉറക്കം. ഇതിന്റെ ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വലിയതോതിലുള്ള ജനരോഷമാണ് ഉയരുന്നത്. പിഞ്ചുകുഞ്ഞുങ്ങള്‍ മരിച്ചു കിടക്കുന്നതിനെ എന്‍ഡിഎ സര്‍ക്കാര്‍ ഈ ഗൗരവത്തിലാണോ കാണുന്നതെന്ന് സോഷ്യല്‍മീഡിയ ചോദിക്കുന്നു. എന്നാല്‍, താന്‍ ഉറങ്ങുകയായിരുന്നെന്ന ആരോപണങ്ങള്‍ തള്ളി അശ്വനികുമാര്‍ രംഗത്തെത്തിയിട്ടുണ്ട്. താന്‍ ചിന്താകുലനായി ധ്യാനിക്കുകയായിരുന്നെന്നാണ് അശ്വിനിയുടെ വിശദീകരണം.
അതേസമയം, രോഗത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഞായറാഴ്ച വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ബിഹാര്‍ ആരോഗ്യമന്ത്രി മംഗള്‍ പാണ്ഡെ ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നടക്കുന്ന ഇന്ത്യ-പാകിസ്താന്റെ മത്സരത്തിന്റെ സ്കോര്‍ ചോദിച്ചതും വലിയ വിവാദമായിരുന്നു. യോഗത്തിനിടെ മന്ത്രി സ്കോര്‍ തിരക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെ ഇത് സമൂഹമാധ്യമങ്ങളില്‍ വലിയ പ്രതിഷേധങ്ങള്‍ക്കാണ് ഇടയാക്കിയിരിക്കുന്നത്.
കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്ധന്, ആരോഗ്യ സഹമന്ത്രി അശ്വിനി കുമാര്‍ ചൗബെ എന്നിവര്‍കൂടി പങ്കെടുത്ത യോഗത്തിലായിരുന്നു മംഗള്‍ പാണ്ഡെയുടെ ക്രിക്കറ്റ് മത്സരത്തെ കുറിച്ചുള്ള ആധി. വാര്‍ത്താ സമ്മേളനത്തിടെ ‘എത്ര വിക്കറ്റുകള്‍ വീണു’ എന്ന് ചോദിക്കുന്ന മന്ത്രിക്ക് കൂടെയുള്ള ഒരാള്‍ ‘നാല് വിക്കറ്റുകള്‍’ വീണു എന്ന മറുപടി നല്കുന്നതു വീഡിയോകളില്‍ വ്യക്തമാണ്.
#WATCH Bihar Health Minister Mangal Pandey asks for latest cricket score during State Health Department meeting over Muzaffarpur Acute Encephalitis Syndrome (AES) deaths. (16.6.19) pic.twitter.com/EVenx5CB6G
— ANI (@ANI) June 17, 2019
Discussion about this post