കൊല്‍ക്കത്ത: ജാലവിദ്യ അവതരിപ്പിക്കുന്നതിനിടെ ജാലവിദ്യക്കാരനെ കാണാതായതായി റിപ്പോര്‍ട്ട്. പശ്ചിമബംഗാളിലെ ചഞ്ചല്‍ സര്‍ക്കാര്‍ എന്ന മാജിക് കലാകാരനെയാണ് കാണാതായത്. കൈകാലുകള്‍ ബന്ധിച്ച് വെള്ളത്തില്‍ ചാടിയ ശേഷം രക്ഷപ്പെടുന്ന ജാലവിദ്യയാണ് അദ്ദേഹം പരീക്ഷിച്ചത്. ബന്ധനസ്ഥനായ ശേഷം രക്ഷപ്പെടുന്നതില് വിദഗ്ധനായ ഹാരി ഹൗഡിനി പരീക്ഷിച്ച് വിജയിച്ച വിദ്യയാണ് ചഞ്ചല്‍ സര്‍ക്കാര്‍ പ്രദര്‍ശിപ്പിക്കാന്‍ ശ്രമിച്ചത്.
സോനാര്‍പുര്‍ സ്വദേശിയായ ചഞ്ചല്‍, മാന്‍ഡ്രേക്ക് എന്ന പേരിലാണ് മാജിക് അവതരിപ്പിച്ചിരുന്നത്. ഇയാളുടെ ജാലവിദ്യാ പരീക്ഷണങ്ങളെല്ലാം തന്നെ വിജയമായിരുന്നു. ഉച്ചയ്ക്ക് 12.30 ഓടെയാണ് ചഞ്ചല്‍ ഹൗറ പാലത്തിന് താഴെ നിര്‍ത്തിയിരുന്ന ബോട്ടില്‍ നിന്ന് ഹൂഗ്ലി നദിയിലേക്ക് ചാടിയത്. ഏറെ നേരത്തിന് ശേഷവും ചഞ്ചലിനെ കാണാന്‍ സാധിച്ചില്ല, തുടര്‍ന്നാണ് കാണികള്‍ പോലീസിനെ വിവരം അറിയിച്ചത്.
നദിയില്‍ തിരച്ചില്‍ നടത്തിയെങ്കിലും ചഞ്ചലിനെ ഇതുവരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. 2013 ല്‍ വെള്ളത്തിനടിയിലേക്ക് താഴ്ത്തിയ അഴിക്കൂട്ടില്‍ നിന്ന് രക്ഷപ്പെടുന്ന ജാലവിദ്യ കാണിച്ച് ഇയാള്‍ വിമര്‍ശനമേറ്റ് വാങ്ങിയിരുന്നു. കൂട്ടിലെ രഹസ്യവാതിലൂടെ രക്ഷപ്പെടുന്നത് കണ്ടെന്നാരോപിച്ച് കാഴ്ചക്കാര്‍ ചഞ്ചലിനെ പരിഹസിച്ചിരുന്നു. ഹൗഡിനിയുടെ വലിയ ആരാധകനായിരുന്നു 42 കാരനായ ചഞ്ചല്‍.
Discussion about this post