ന്യൂഡല്‍ഹി: വിവാഹാഭ്യര്‍ത്ഥന നിരസിച്ച കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച് കാമുകിയുടെ പ്രതികാരം. ഡല്‍ഹിയിലെ വികാസ്പുരി പ്രദേശത്താണ് സംഭവം നടന്നത്. ബൈക്കില്‍ സഞ്ചരിക്കവേ കാമുകനെ ശരിയായി സ്പര്‍ശിക്കാന്‍ കഴിയുന്നില്ലെന്ന് കാണിച്ച് ഹെല്‍മറ്റ് അഴിപ്പിച്ച ശേഷമായിരുന്നു മുഖത്തേക്ക് കാമുകി ആസിഡ് ഒഴിച്ചതെന്ന് പോലീസ് പറഞ്ഞു.
ജൂണ്‍ 11നാണ് സംഭവം നടന്നത്. മൂന്ന് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരിലാണ് കാമുകി ആസിഡ് ഒഴിച്ചത്. കമിതാക്കള്‍ ആക്രമിക്കപ്പെട്ടുവെന്ന ഫോണ്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇരുവരേയും പ്രവേശിപ്പിച്ച ആശുപത്രിയില്‍ എത്തിയത്. യുവതിയുടെ കൈയ്യില്‍ നേരിയ മുറിവും യുവാവിന്റെ മുഖവും കഴുത്തും നെഞ്ചും ഗുരുതരമായി പൊള്ളലേറ്റ നിലയിലും ആയിരുന്നു.
ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ ഒരാള്‍ തങ്ങളുടെ നേര്‍ക്ക് ആസിഡ് എറിയുകയായിരുന്നുവെന്നാണ് കമിതാക്കള്‍ പോലീസിന് മൊഴി നല്‍കിയത്. അതുകൊണ്ട് ഇരുവരേയും ആക്രമിച്ചത് ആരാണെന്ന് പോലീസിന് ദിവസങ്ങളായിട്ടും കണ്ടെത്താനായില്ല. എന്നാല്‍ മൊഴി നല്കുന്നതിനിടയില് ഒരിക്കല്‍ യുവതി തന്നോട് ഹെല്‍മെറ്റ് മാറ്റാന്‍ ആവശ്യപ്പെട്ടു എന്ന് യുവാവ് പറഞ്ഞത് നിര്‍ണ്ണായകമായി. തുടര്‍ന്ന് ഒരിക്കല്‍ കൂടി ചോദ്യം ചെയ്തപ്പോള്‍ യുവതി തന്നെ കുറ്റം സമ്മതിക്കുകയായിരുന്നു.
സംഭവം നടക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ബന്ധം അവസാനിപ്പിക്കാന്‍ യുവാവ് യുവതിയെ നിര്‍ബന്ധിച്ചു. എന്നാല്‍ തന്റെ അഭ്യര്‍ത്ഥന മാനിക്കാതിരുന്ന യുവാവിനെ ആക്രമിക്കാന്‍ യുവതി പദ്ധതിയിടുകയായിരുന്നു.
Discussion about this post