പാറ്റ്‌ന: ബീഹാറില്‍ ഉഷ്ണക്കാറ്റില്‍ മരിച്ചവരുടെ എണ്ണം നാല്പതായി. ഔറംഗബാദ്, ഗയ, നവാഡ എന്നിവിടങ്ങളിലാണ് ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത്. കനത്ത ചൂട് രേഖപ്പെടുത്തിയ ഔറംഗബാദില്‍ മാത്രം 27 പേരാണ് മരിച്ചത്. ഗയയില്‍ 14 പേരും മരിച്ചു. സംസ്ഥാനത്തിന്റെ പല ഭാഗത്തും കടുത്ത ചൂടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നൂറിലധികം പേരാണ് ഇന്ന് ആശുപത്രിയില്‍ ചികിത്സ തേടിയത്. ആവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ ജില്ല മജിസ്‌ട്രേറ്റുമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തലസ്ഥാനമായ പാറ്റ്‌നയില്‍ 46.6 ഡിഗ്രിയും ഗയയില്‍ 45.2 ഡിഗ്രിയും ചൂടാണ് രേഖപ്പെടുത്തിയത്. ഉഷ്ണാഘാതം മൂലം മരണങ്ങളുണ്ടാവുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ പ്രതികരിച്ചു. കൊടും ചൂടത്ത് ജനങ്ങള്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
അതെസമയം മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഉഷ്ണക്കാറ്റില്‍ ഉണ്ടാകുന്ന മരണത്തെ കൂടാതെ ബിഹാറില്‍ കുട്ടികളുടെ മരണവും വര്‍ധിക്കുകയാണ്. 84 കുട്ടികളാണ് ബീഹാറില്‍ ഇതിനോടകം മരണപ്പെട്ടു കഴിഞ്ഞത്. മസ്തിഷ്‌കജ്വരം മൂലമാണ് കുട്ടികള്‍ മരണപ്പെട്ടത്.