രാജ്യത്ത് അധികാരം പൂര്‍ണ്ണമായും കൈയ്യടക്കല്‍ ലക്ഷ്യം; ഇന്ത്യയില്‍ ഒരു തെരഞ്ഞെടുപ്പ് പദ്ധതിക്കായി ബിജെപി നീക്കം

ജൂണ്‍ 19ന് മൂന്നു മണിക്ക് വിളിച്ചു ചേര്‍ക്കുന്ന യോഗത്തില്‍ രണ്ടാമത്തെ അജണ്ടയായാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ന്യൂഡല്‍ഹി: വീണ്ടും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയത്തിനായി ശ്രമങ്ങള്‍ ആരംഭിച്ച് ബിജെപി. രണ്ടാം തവണയും കേന്ദ്രത്തില്‍ അധികാരം പിടിച്ചതോടെയാണ് ബിജെപി ധൈര്യത്തോടെ നീക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ ഒന്നാം മോഡി സര്‍ക്കാരിന്റെ കാലത്ത് ഈ പദ്ധതി നടപ്പാക്കാനായില്ലെങ്കിലും അടുത്ത വര്‍ഷത്തോടെ രാജ്യസഭയിലും ഭൂരിപക്ഷം ബിജെപിക്ക് പിടിക്കാന്‍ സാധിക്കുമെന്ന കണക്കുകള്‍ പുറത്തുവന്നതോടെ ബിജെപി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. അധികാര കേന്ദ്രീകരണം തന്നെയാണ് ബിജെപിയെ ഈ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതിയില്‍ ആകൃഷ്ടരാക്കുന്നത്. ഇന്ത്യയില്‍ ഒട്ടാകെ അധികാരം കേന്ദ്രീകരിച്ച് പ്രതിപക്ഷമില്ലാതെ ഒരു പാര്‍ട്ടിയുടെ ആധിപത്യം മാത്രം എന്ന് ബിജെപി സ്വപ്‌നം കാണുന്നുണ്ട്.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതി കൊണ്ടു വരാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കി ബിജെപി പാര്‍ലമെന്റില്‍ പ്രാതിനിധ്യമുള്ള പാര്‍ട്ടികളുടെ യോഗം വിളിച്ചു. ജൂണ്‍ 19ന് മൂന്നു മണിക്ക് വിളിച്ചു ചേര്‍ക്കുന്ന യോഗത്തില്‍ രണ്ടാമത്തെ അജണ്ടയായാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ളാദ് ജോഷിയാണ് ഇത് സംബന്ധിച്ച് വിവിധ പാര്‍ട്ടികള്‍ക്ക് കത്തയച്ചത്.

1983ലാണ് ആദ്യമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ ആശയം മുന്നോട്ട് വെച്ചത്. എന്നാല്‍ ഇന്ത്യയുടെ ഫെഡറല്‍ ഘടന തകര്‍ക്കുമെന്നും ഇന്ത്യയുടെ വൈജാത്യങ്ങള്‍ അഭിമുഖീകരിക്കപ്പെടാതെ പോകുമെന്നുമുള്ള വിമര്‍ശനങ്ങള്‍ ഇതിനെതിരെ ഉയര്‍ന്നു. ഒന്നാം മോഡി സര്‍ക്കാര്‍ ഈ ആശയം വീണ്ടും രാജ്യത്ത്് ചര്‍ച്ചയിലെത്തിക്കുകയായിരുന്നു. രാജ്യസഭയില്‍ വിഷയത്തില്‍ എതിര്‍പ്പ് ഉറപ്പായതോടെ പിന്മാറിയ മോഡിയും കൂട്ടരും ഇത്തവണ രണ്ടും കല്‍പ്പിച്ചു തന്നെയാകും ബില്‍ അവതരിപ്പിക്കുക.

ഇതിലൂടെ തെരഞ്ഞെടുപ്പ് ചെലവുകള്‍ കുറയ്ക്കാനാകും എന്നാണ് ബിജെപി മുന്നോട്ട് വെയ്ക്കുന്ന ആശയം. എന്നാല്‍ തെരഞ്ഞെടുപ്പുകളിലെ പ്രത്യേക രാഷ്ട്രീയ രംഗങ്ങള്‍ ഉപയോഗപ്പെടുത്തി, തങ്ങള്‍ക്ക് സ്വാധീനമില്ലാത്ത സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് വിജയം കൊയ്യുക എന്നതാണ് ബിജെപിയുടെ പരമമായ ലക്ഷ്യം. മോഡി തരംഗം ഒന്നാം മോഡി സര്‍ക്കാരിനെ വിജയത്തിലെത്തിക്കാന്‍ സഹായിച്ചത് ഇതിനൊരു ഉദാഹരണമാണ്. എന്നാല്‍ ഫെഡറല്‍ സംവിധാനങ്ങള്‍ അട്ടിമറിക്കപ്പെടുമെന്ന വാദമുയര്‍ത്തി പ്രതിപക്ഷം ഈ നീക്കം തടയാനാണ് സാധ്യത.

Exit mobile version