ന്യൂഡല്‍ഹി: രാജ്യത്തെ ആറ് രാജ്യസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് അടുത്ത മാസം അഞ്ചിന് നടക്കും. ലോക്‌സഭാ സ്ഥാനാര്‍ത്ഥികളായി വിജയിച്ചു കയറിയവരുടെ ഒഴിവുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഗുജറാത്ത്, ബിഹാര്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആറ് രാജ്യസഭാ സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
ഈ ആറില്‍ മൂന്ന് സീറ്റുകള്‍ ഒഡീഷയിലാണ്. രണ്ട് സീറ്റുകള്‍ ഗുജറാത്തിലും ബീഹാറിലെ ഒരു സീറ്റിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇവിടങ്ങളില്‍ നിന്നുള്ള രാജ്യസഭാ എംപിമാര്‍ വിവിധ മണ്ഡലങ്ങളില്‍ നിന്ന് ജയിച്ച് ലോക്‌സഭയിലേക്ക് പോയിരുന്നു.
കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രവിശങ്കര്‍ പ്രസാദ്, സ്മൃതി ഇറാനി എന്നിവരുടെ സീറ്റുകള്‍ ഇതില്‍ ഉള്‍പ്പെടും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയ്യതി ജൂണ്‍ 25 ആണ്. ജൂലൈ അഞ്ചിന് വൈകിട്ട് അഞ്ച് മണി വരെയാണ് വോട്ടെടുപ്പ്. ജൂലൈ ഒന്‍പതിന് മുന്‍പ് ഉപതെരഞ്ഞെടുപ്പിന്റെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.