ലഖ്നൗ: ഹെല്‍മെറ്റ് വയ്ക്കാത്ത ബൈക്ക് യാത്രികരെ കണ്ടെത്താന്‍ പോലീസ് നടത്തിയ പരിശോധനയില്‍ കുടുങ്ങിയത് 305 പോലീസുകാര്‍. ഒറ്റ ദിവസം കൊണ്ടാണ് 305 പോലീസ് ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ കുടുങ്ങിയത്. ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലഖ്‌നൗവിലാണ് സംഭവം.
155 എസ്‌ഐമാരും ഈ നിയമലംഘകരില്‍ ഉണ്ട്. ജനങ്ങള്‍ക്ക് മാതൃകയാകേണ്ടവരാണ് ഇത്തരത്തില്‍ നിമയം ലംഘിക്കുന്നത്. പോലീസ് പിടിക്കപ്പെടുമ്പോള്‍ മിക്കവരും യൂണിഫോമിലായിരുന്നു എന്നും വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ലഖ്നൗ സീനിയര്‍ പോലീസ് സൂപ്രണ്ട് കലാനിധി നൈതാനിയുടെ നേതൃത്വത്തില്‍ ശനിയാഴ്ച പകലായിരുന്നു പരിശോധന. പോലീസുകാര്‍ക്കു യാതൊരു ഇളവും പരിഗണനയും നല്‍കരുതെന്നും എസ്പി പരിശോധകര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. സമൂഹത്തിനു മാതൃകയാകേണ്ടവരാണ് പോലീസ് എന്നതിനാലാണ് അവരുടെ റൂട്ടില്‍ പ്രത്യേകം പരിശോധന നടത്തിയതെന്ന് എസ്പി വ്യക്തമാക്കി.
ഒറ്റ ദിവസം കൊണ്ട് 3,117 ബൈക്കുയാത്രികരാണ് നിയമംലംഘിച്ചതായി കണ്ടെത്തിയത്. ഇവരില്‍ നിന്ന് 1.38 ലക്ഷം രൂപ പിഴയീടാക്കി. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ ഹെല്‍മറ്റില്ലാതെ ബൈക്കോടിച്ചു വന്ന എസ് ഐയെ കമ്മീഷണര്‍ പരസ്യമായി ശാസിക്കുന്ന വീഡിയോ വൈറലായിരുന്നു. അതിനു പിന്നാലെയാണ് പുതിയ സംഭവമെന്നതും കൗതുകകരമാണ്.
Discussion about this post