റായ്പുര്‍: ഛത്തീസ്ഗഢിലെ പാര്‍ലെ-ജി ബിസ്‌കറ്റ് നിര്‍മ്മാണ യൂണിറ്റില്‍ ബാലവേല ചെയ്തിരുന്ന 26 കുട്ടികളെ രക്ഷപ്പെടുത്തി. റായ്പുരിലെ യൂണിറ്റിലുണ്ടായിരുന്ന കുട്ടികളെയാണ് ജില്ലാ ദൗത്യ സേന രക്ഷപ്പെടുത്തിയത്.
രക്ഷപ്പെട്ടവരില്‍ ഭൂരിഭാഗവും 12 മുതല്‍ 16 വയസ്സ് വരെ പ്രായമുള്ളവരാണ്. ഇവര്‍ മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ഒഡിഷ, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ഇവര്‍ രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെയാണു ജോലി ചെയ്തിരുന്നത്. ലഭിച്ചിരുന്ന ശമ്പളം, മാസം അയ്യായിരം മുതല്‍ ഏഴായിരം വരെ.
റായ്പുരിലെ അമസിവ്നി മേഖലയില്‍ ധാരാളം കുട്ടികള്‍ ബാലവേല ചെയ്യുന്നതായുള്ള വിവരം ബച്ച്പന്‍ ബച്ചാവോ ആന്ദോളന് (ബിബിഎ) ലഭിച്ചതോടെയാണ് സേന അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് കുട്ടികളെ അവിടെ നിന്നു രക്ഷപ്പെടുത്തുകയായിരുന്നു. ജില്ലാ കളക്ടറുടെ നിര്‍ദേശം ലഭിച്ചശേഷമായിരുന്നു ഇത്.
ലക്ഷക്കണക്കിനു കുട്ടികളുടെ വിശ്വാസത്തില്‍ നിന്നുണ്ടായ രാജ്യത്തെ പ്രമുഖ ബ്രാന്‍ഡായ പാര്‍ലെ-ജി ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതു കാണുമ്പോള്‍, കുട്ടികളെ ചൂഷണം ചെയ്യുന്നതു കാണുമ്പോള്‍ വിഷമം തോന്നുന്നുവെന്ന് ബിബിഎ സിഇഒ സമീര്‍ മാഥുര്‍ പറഞ്ഞു.
കുട്ടികളെ സര്‍ക്കാരിന്റെ ശിശുസംരക്ഷണ കേന്ദ്രത്തിലാക്കിക്കഴിഞ്ഞു. ബാലാവകാശ നിയമത്തിലെ 79-ാം വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്.
Discussion about this post